ഭോപ്പാൽ: ഷാരൂഖ് ഖാൻ നായകനായ ‘പത്താൻ’ സിനിമയുടെ ആഹ്ലാദ പ്രകടനത്തിനിടെ ഹിന്ദുക്കൾക്ക് നേരെ കൊലവിളി മുദ്രാവാക്യം മുഴക്കി മതതീവ്രവാദികൾ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. തലയറുക്കുമെന്ന അർത്ഥം വരുന്ന ‘സർ താൻ സേ ജുഡ’ മുദ്രാവാക്യങ്ങളാണ് ഇവർ മുഴക്കിയത്.
ബുധനാഴ്ചയായിരുന്നു സംഭവം. സിനിമ കണ്ട് ഇറങ്ങിയ ഒരു സംഘം ആളുകൾ തിയറ്ററിനു പുറത്ത് സംഘടിക്കുകയായിരുന്നു. ഇതിന് ശേഷം ആഘോഷം ആരംഭിച്ചു. പിന്നീട് ഇവിടെ നിന്നും ഖദജ്രാനാ പോലീസ് സ്‌റ്റേഷന് മുൻപിലേക്ക് നീങ്ങിയ സംഘം അവിടെയെത്തിയപ്പോൾ കൊല വിളി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇതിനിടെ അള്ളാഹു അക്ബർ മുഴക്കി ഇവർ ആക്രോശിച്ചിരുന്നു.
പോലീസ് സ്‌റ്റേന് മുൻപിൽ നിന്നുള്ള വീഡിയോ വിശ്വ ഹിന്ദു പരിഷത് ദേശീയ വക്താവ് കുമാർ ബൻസാൽ ആണ് പുറത്തുവിട്ടത്. മതതീവ്രവാദികളുടെ സംഘങ്ങൾ ഇൻഡോറിലും സജീവമാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയെ ടാഗ് ചെയ്താണ് അദ്ദേഹത്തിന്റെ ട്വീറ്റ്. രണ്ട് വീഡിയോ ആണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.
കൊലവിളി മുദ്രാവാക്യം മുഴക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദു സംഘടനാ പ്രതിനിധികൾ ഇന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് നരോത്തം മിശ്ര വ്യക്തമാക്കി.
ഷാരൂഖ് ഖാന്റെ പത്താൻ സിനിമയ്‌ക്കെതിരെ ആദ്യം വിവാദം ഉയർന്നത് മദ്ധ്യപ്രദേശിൽ ആയിരുന്നു. നായികയായ ദീപിക പദുക്കോൺ ധരിച്ചിരുന്ന വസ്ത്രം ആയിരുന്നു വിവാദങ്ങൾക്ക് തിരികൊളുത്തിയത്.








