ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും അപമാനിക്കുന്ന ബ്രിട്ടീഷ് ഡോക്യുമെന്ററിയുടെ പ്രദർശനം ഡൽഹി സർവകലാശാലയിൽ പോലീസ് തടഞ്ഞു. പ്രദർശനം നടത്താൻ ശ്രമിച്ച വിദ്യാർത്ഥികൾ പോലീസിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും അസഭ്യവർഷം നടത്തി. തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. എൻ എസ് യു ഐ- കെ എസ് യു പ്രവർത്തകരാണ് അറസ്റ്റിലായത്.
സംഘർഷത്തെ തുടർന്ന് ആർട്സ് വിഭാഗത്തിന് പുറത്ത് 144 പ്രഖ്യാപിച്ചു. 4.00 മണിയോടെയായിരുന്നു വിദ്യാർത്ഥികൾ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചത്. സംഘത്തിലുണ്ടായിരുന്ന 20 പേരെ കസ്റ്റഡിയിൽ എടുത്തതായി ഡൽഹി പോലീസ് അറിയിച്ചു. ഡോക്യുമെന്ററിയുടെ പ്രദർശനം ഡൽഹി സർവകലാശാല നിരോധിച്ചിരുന്നതാണെന്നും പോലീസ് വ്യക്തമാക്കി.
ഡോക്യുമെന്ററിയുടെ പ്രദർശനം സർവകലാശാല നിരോധിച്ചിരുന്നു. ഇത് മറികടന്നാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ അത് പ്രദർശിപ്പിക്കാൻ ശ്രമിച്ചത്. ഇവരുടെ കാര്യത്തിൽ പോലീസ് സ്വീകരിച്ച നടപടിയിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് ഡൽഹി സർവകലാശാല അധികൃതർ അറിയിച്ചു.
അറസ്റ്റിലായവരുടെ തിരിച്ചറിയാൽ കാർഡുകൾ പരിശോധിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായവർ സർവകലാശാലയിലെ വിദ്യാർത്ഥികൾ തന്നെ ആണോ എന്ന് ഉറപ്പ് വരുത്താൻ വേണ്ടിയാണ് ഇത്. സർവകലാശാലക്ക് പുറത്തുള്ളവർ കടന്നു കയറിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം പരിപാടി സംഘടിപ്പിച്ചവർക്കായിരിക്കുമെന്നും ഡൽഹി സർവകലാശാല വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
Discussion about this post