ജോഹന്നാസ്ബർഗ്: പ്രഥമ വനിതാ അണ്ടർ 19 ട്വന്റി 20 ലോകകപ്പിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യ ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകളുടെ ഫൈനൽ പ്രവേശനം. ഇംഗ്ലണ്ടാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
20 റൺസിന് 3 കിവീസ് വിക്കറ്റുകൾ പിഴുത പാർശവി ചോപ്രയും 45 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്ന ശ്വേത ഷെരാവത്തുമാണ് ഇന്ത്യയുടെ വിജയ ശിൽപ്പികൾ. പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി ഇതോടെ ഇന്ത്യ.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ 20 ഓവറിൽ 107/9 എന്ന സ്കോറിൽ ഒതുക്കിയ ഇന്ത്യ, പവർ പ്ലേയുടെ ആനുകൂല്യം ഭംഗിയായി മുതലെടുത്തു. 6 ഓവറുകൾ പൂർത്തിയായപ്പോൾ 54/1 എന്ന സ്കോറിലെത്താൻ ഇന്ത്യക്ക് സാധിച്ചു. നാലാം ഓവറിൽ അന്നാ ബ്രൗണിംഗ് ഷെഫാലി വർമ്മയെ പുറത്താക്കിയ ശേഷം, ശ്വേത ഷെരാവത്തും സൗമ്യ തിവാരിയും കൂടി സിംഗിളുകളിലൂടെ സ്കോർ മുന്നോട്ട് കൊണ്ടു പോയി.
പെയ്ജ് ലോഗൻബെർഗ് എറിഞ്ഞ ആറാം ഓവറിൽ തുടർച്ചയായ 4 ഫോറുകൾ നേടിയ ഷെരാവത്ത് 14 റൺസ് അടിച്ചു കൂട്ടി. തുടർന്ന് സൗമ്യയും കിവീസ് ബൗളർമാരെ ആക്രമിക്കാൻ തുടങ്ങിയതോടെ മത്സരത്തിൽ ഇന്ത്യ പിടിമുറുക്കി.
പതിമൂന്നാം ഓവറിൽ ബ്രൗണിംഗ് സൗമ്യയെ പുറത്താക്കി ന്യൂസിലൻഡിന് ബ്രേക്ക് ത്രൂ നൽകി. 26 പന്തിൽ 22 റൺസുമായാണ് സൗമ്യ മടങ്ങിയത്.
തുടർന്ന് വന്ന തൃഷ ഷെരാവത്തിന് സ്ട്രൈക്ക് കൈമാറിക്കൊണ്ടേയിരുന്നു. അബിഗെയ്ൽ ഹോട്ടൻ എറിഞ്ഞ പതിനാലാം ഓവറിൽ ഇരുവരും ചേർന്ന് 11 റൺസ് ചേർത്തു. പതിനഞ്ചാം ഓവറിൽ ജയിക്കാൻ ഇന്ത്യക്ക് നാല് റൺസ് മതിയായിരുന്നു. മനോഹരമായ ഒരു ബൗണ്ടറിയിലൂടെ ഷെരാവത്ത് ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
സ്കോർ:
ന്യൂസിലൻഡ്: 107/9 (പ്ലിമ്മർ 35, എസബെല്ല ഗെയ്സ് 26, പാർശവി ചോപ്ര 3-20)
ഇന്ത്യ: 110/2 (ശ്വേത ഷെരാവത്ത് 61*, സൗമ്യ തിവാരി 22, അന്ന ബ്രൗണിംഗ് 2-18)
Discussion about this post