ന്യൂഡൽഹി: രാജ്യത്തെ നടുക്കി ഇരട്ട വിമാന ദുരന്തം. രാജസ്ഥാനിലും മദ്ധ്യപ്രദേശിലുമാണ് വിമാനാപകടങ്ങൾ സംഭവിച്ചത്. രാജസ്ഥാനിലെ ഭരത്പൂരിലാണ് വിമാനം തകർന്ന് വീണത്. ആഗ്രയിൽ നിന്ന് പുറപ്പെട്ട ചാർട്ടേഡ് വിമാനമാണ് തകർന്നത്. വിമാനം പൂർണമായും കത്തിനശിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. ഭരത്പൂർ ജില്ലാ കളക്ടർ അലോക് രഞ്ജൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. ഒരു പരിപാടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി രാജസ്ഥാനിലെ ഭീൽവാഡയിൽ എത്തുന്നതിന് തൊട്ടുമുൻപായിരുന്നു അപകടം.
മദ്ധ്യപ്രദേശിലെ മൊറേനയിൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സുഖോയ്-30, മിറാഷ് 2000 എന്നിവയാണ് തകർന്നു വീണത്. ഗ്വാളിയോർ വ്യോമത്താവളത്തിൽ നിന്ന് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇരു വിമാനങ്ങളിലെയും മൂന്ന് പൈലറ്റുമാർ സുരക്ഷിതരാണെന്നാണ് വിവരം. അപകടസമയത്ത് സുഖോയ്-30 ൽ രണ്ട് പൈലറ്റുമാരും മിറാഷ്- 2000 ത്തിൽ ഒരു പൈലറ്റും ഉണ്ടായിരുന്നു.
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സിഡിഎസ് ജനറൽ അനിൽ ചൗഹാൻ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി എന്നിവരുമായി ചർച്ച നടത്തി രക്ഷാപ്രവർത്തനത്തിനുള്ള നിർദ്ദേശങ്ങൾ നൽകി.രക്ഷാപ്രവർത്തനങ്ങളിൽ വ്യോമസേനയെ സഹായിക്കാൻ പ്രാദേശിക ഭരണകൂടത്തിന് നിർദ്ദേശം നൽകിയതായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
Discussion about this post