കടുവയോ സിംഹമോ ശക്തൻ എന്ന ചോദ്യം കാലങ്ങളായി ഉള്ളതാണ്. ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളുടെ കാലത്തും ഈ ചോദ്യം സർവ്വ സാധാരണമാണ്. എന്തിനേറെ കടുവ – സിംഹം ആരാധകർ തമ്മിൽ വൻ യുദ്ധം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ നടക്കാറുണ്ട്. പലപ്പോഴും സഭ്യതയുടെ അതിർ വരമ്പുകൾ ലംഘിക്കുന്ന വിധത്തിൽ ഈ യുദ്ധം മാറുന്നതും പല കമന്റുകളും നോക്കിയാൽ കാണാം.
ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു കഥാപാത്രം രംഗപ്രവേശം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സിംഹത്തെ തല്ലിയൊതുക്കാൻ കെൽപ്പുള്ള കടുവയെ ഒരു കൂറ്റൻ കരടി ഓടിക്കുന്ന വീഡിയോ ആണ് വൈറലായത്. ആഹാരം കഴിക്കാനോ മറ്റോ പുല്ലിൽ പരതി നിന്നിരുന്ന കരടിയെ, കടുവ അങ്ങോട്ട് പോയി ചൊറിയുകയായിരുന്നു.
കരടിയെ പിറകിലൂടെ പതുങ്ങി ചെന്ന് ഉപദ്രവിക്കാനായിരുന്നു കടുവ ശ്രമിച്ചത്. എന്നാൽ യുദ്ധമെങ്കിൽ യുദ്ധം എന്ന മട്ടിൽ ധൈര്യത്തോടെ എണീറ്റ് നിന്ന കരടി കടുവയ്ക്ക് നേരെ ആക്രമണം ആരംഭിച്ചു. ഇത് തന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന് മനസ്സിലാക്കി ആരാധകരുടെ ആവേശമായ കടുവ ഓടി രക്ഷപ്പെടുന്ന കാഴ്ച്ചയാണ് പിന്നീട് കാണുന്നത് . രസകരമായ ഈ വിഡിയോക്ക് വൻ സ്വീകാര്യതയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ലഭിക്കുന്നത്. വെറുതെ നിന്ന കരടിയെ ചൊറിയാൻ ചെന്ന കടുവയെ കരടി കേറി മാന്തി എന്ന രീതിയിലുള്ള കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.










