തിരുവനന്തപുരം: കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം. റേസിങ് നടത്തിയ ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു. വാഴമുട്ടം സ്വദേശിനിയായ സന്ധ്യ (55) ആണ് മരിച്ചത്. രാവിലെ ആയിരുന്നു അപകടം. ബന്ധുവീട്ടിലേക്ക് പോകാൻ ഇറങ്ങിയ വീട്ടമ്മ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വീട്ടമ്മ റോഡിന്റെ മറുവശത്തേക്ക് തെറിച്ചുവീണതായി നാട്ടുകാർ പറയുന്നു. 200 മീറ്ററോളം മുൻപോട്ട് പോയ ശേഷമാണ് ബൈക്ക് നിന്നത്. ബൈക്കിന്റെ മുൻഭാഗം ഉൾപ്പെടെ തകർന്ന നിലയിലാണ്. ബൈക്ക് ഓടിച്ചിരുന്ന ആളെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
സംഘമായി ബൈക്ക് റേസിങ് നടത്തുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. നാല് ബൈക്കുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
പോലീസിന്റെ കണ്ണ് വെട്ടിച്ച് നടത്തുന്ന അനധികൃത ബൈക്ക് റേസിങ്ങിനിടെയാണ് അപകടം. രാവിലെയും രാത്രിയിലും ഇത്തരം സംഘങ്ങൾ ബൈപ്പാസുകൾ കൈയ്യടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ജൂണിൽ വിഴിഞ്ഞം ബൈപ്പാസിൽ മത്സര ഓട്ടത്തിനിടെ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചിരുന്നു. ഇതിന് ശേഷം ബൈപ്പാസുകൾ കേന്ദ്രീകരിച്ചുളള മത്സര ഓട്ടവും അനധികൃത ബൈക്ക് റേസിങ്ങും പിടികൂടാൻ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. എന്നാൽ പോലീസിനെ വെട്ടിച്ച് രാത്രിയിലും രാവിലെയുമായി ബൈപ്പാസുകളിൽ ഇത്തരം റേസിങ് സംഘങ്ങൾ സജീവമാണെന്നാണ് നാട്ടുകാരുടെ പരാതി.
Discussion about this post