കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ ആശുപത്രി വിട്ടതിന് പിന്നാലെ മരിച്ചു. എറണാകുളം ചേന്ദമംഗലം സ്വദേശി ജോർജാണ് മരിച്ചത്. പറവൂർ മജ്‌ലിസ് ഹോട്ടലിൽ നിന്നാണ് ഇദ്ദേഹത്തിന് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടലിൽ നിന്ന് കുഴിമന്തി, അൽഫാം, ഷവായി തുടങ്ങിയവ കഴിച്ച എഴുപതിലേറെ ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ജനുവരി 16നാണ് ജോർജ് ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. വയറുവേദനയെ തുടർന്ന് 19ാം തിയതി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. 27ാം തിയതി ആശുപത്രി വിട്ടെങ്കിലും 28ന് മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കൾ വടക്കേക്കര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് ആരോഗ്യവിഭാഗം മജ്‌ലിസ് ഹോട്ടൽ അടച്ച് പൂട്ടിയിരുന്നു. ഹോട്ടലിലെ പ്രധാന പാചകക്കാരനായ കാസർകോട് മൈപ്പാടി ഖാഷിദ് മൻസിലിൽ ഹസൈനാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹോട്ടലിന്റെ ലൈസൻസ് ഭക്ഷ്യസുരക്ഷാ വകുപ്പ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.












