തിരുവനന്തപുരം: തുലാവർഷത്തിന് ശേഷം കാര്യമായി ഇടമഴകൾ ലഭിക്കാതിരുന്നതിനാൽ വേനലിന്റെ ലക്ഷണങ്ങൾ നേരത്തേ പ്രകടമായി തുടങ്ങുന്നു എന്ന് പരിതപിക്കുന്ന തെക്കൻ ജില്ലക്കാർക്ക് നേരിയ ആശ്വാസമായി കാലാവസ്ഥാ പ്രവചനം. ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് തിങ്കൾ മുതൽ നാല് ദിവസം തെക്കൻ ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.
കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ജില്ലകളിലെ ചില ഇടങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു. മഴ പെയ്യാൻ സാദ്ധ്യതയുണ്ടെങ്കിലും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ന്യൂനമർദ്ദം ഫെബ്രുവരി ആദ്യ വാരം ശ്രീലങ്കൻ തീരത്തേക്ക് നീങ്ങും എന്നാണ് സൂചന.
Discussion about this post