ലക്‌നൗ: രാമചരിതമാനസം കത്തിച്ച് കളഞ്ഞ പത്തിലധികം പേർക്കെതിരെ കേസെടുത്ത് പോലീസ്. ലക്‌നൗവിലെ വൃന്ദാവൻ മേഖലയിലാണ് ഒരു കൂട്ടം ആളുകൾ രാമചരിതമാനസത്തിന്റെ ഫോട്ടോകോപ്പി എടുത്തതിന് ശേഷം കത്തിച്ച് കളഞ്ഞത്. ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. ബിജെപി നേതാവ് സത്നം സിംഗ് ലാവി നൽകിയ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സമാജ്വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയെ പിന്തുണച്ചാണ് അഖില ഭാരതീയ ഒബിസി മഹാസഭ രാംചരിതമനസത്തിന്റെ കോപ്പികൾ എടുത്തതിന് ശേഷം കത്തിച്ചത്. യശ്പാൽ സിംഗ് ലോധി, ദേവേന്ദ്ര യാദവ്, മഹേന്ദ്ര പ്രതാപ് യാദവ്, നരേഷ് സിംഗ്, എസ് എസ് യാദവ്, സുജിത്, സന്തോഷ് വർമ, സലിം എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
രാമചരിതമാനസം നിരോധിക്കണമെന്ന ആവശ്യവുമായി സ്വാമി പ്രസാദ് മൗര്യ രംഗത്തെത്തിയിരുന്നു. അതിൽ ദളിതരെ അപമാനിക്കുന്ന ഭാഗം ഉണ്ടെന്നായിരുന്നു ഇയാളുടെ വാദം. ഇതിനെതിരെ വിമർശനങ്ങൾ ശക്തമായതോടെ സ്വാമി പ്രസാദ് മൗര്യയെ തള്ളി പാർട്ടിയിലെ മുതിർന്ന നേതാക്കൾ അടക്കം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വാമി പ്രസാദിന് പിന്തുണ പ്രഖ്യാപിച്ച് രാമചരിതമാനസം കത്തിച്ചത്.
Discussion about this post