പഴനി: മുരുക ഭഗവാന്റെ അനുഗ്രഹം തേടി പഴനിമല ക്ഷേത്രത്തിൽ ദർശനം നടത്തി അമലാ പോൾ. കുടുംബത്തോടൊപ്പമാണ് അമല ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്. ക്ഷേത്ര ദർശനം നടത്തിയതിന് ശേഷം അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും അമല പങ്കുവച്ചിട്ടുണ്ട്. പ്രസാദമണിഞ്ഞ് ക്ഷേത്രത്തിൽ നിന്നുള്ള പൂമാലയുമിട്ട് നിൽക്കുന്ന ചിത്രങ്ങളാണിത്.
നേരത്തെ അമലപോളിന് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ ദർശനം നിഷേധിച്ച സംഭവം വലിയ വിവാദമായിരുന്നു. നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിലെത്തിയ അമലയെ ക്ഷേത്രം ഭാരവാഹികൾ തടയുകയായിരുന്നു. ക്ഷേത്രത്തിൽ ഹിന്ദുമതവിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്ന വാദം ചൂണ്ടിക്കാട്ടിയാണ് അധികൃതർ ദർശനം നിഷേധിച്ചത്. തുടർന്ന് റോഡിൽ നിന്നാണ് അമല പോൾ ദർശനം നടത്തിയത്.
ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അനുവഭിച്ചുവെന്ന് അമല പോൾ ക്ഷേത്രത്തിലെ രജിസ്റ്ററിൽ എഴുതി. ”മതപരമായ വിവേചനം 2023ലും നിലനിൽക്കുന്നുവെന്നതിൽ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തിൽ ഉടൻ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരുമെന്നും” അവർ ക്ഷേത്രത്തിന്റെ രജിസ്റ്ററിൽ കുറിച്ചു. അമല പോളിന് ദർശനം നൽകാത്ത ക്ഷേത്ര ഭരണ സമിതിയുടെ തീരുമാനത്തിനെതിരെ വിശ്വ ഹിന്ദു പരിഷത്ത് ഉൾപ്പെടെ രംഗത്ത് വന്നിരുന്നു.
Discussion about this post