മുംബൈ : മധുവിധു ആഘോഷത്തിനിടെ കുതിരപ്പുറത്ത് നിന്ന് താഴെവീണ് നവവരവ് ദാരുണാന്ത്യം. നവി മുംബൈയിലെ മാഥേരനിലാണ് സംഭവം. 23 കാരനായ മുഹമ്മദ് ഖാസിഫ് ഇംതിയാസ് ഷെയ്ഖാണ് മരിച്ചത്. കുതിരപ്പുറത്ത് നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇംതിയാസ് ഷെയ്ഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുതുതായി വിവാഹം കഴിഞ്ഞ നാല് പേർ ഒന്നിച്ചാണ് മധുവിധു ആഘോഷിക്കാനെത്തിയത്. ഇവർ കുതിരപ്പുറത്ത് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഇംതിയാസ് ഷെയ്ഖ് സഞ്ചരിച്ച കുതിര വേഗത കൂട്ടിയതോടെ ഇയാൾ പിടിവിട്ട് താഴെ വീഴുകയായിരുന്നു.
തുടർന്ന് യുവാവിനെ ഉടൻ തന്നെ മാഥേരൻ മുൻസിപ്പൽ ആശുപത്രിയിലും, പിന്നീട് ഉല്ലാസ്‌നഗറിലെ ആശുപത്രിയിലുമെത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു വർഷത്തിനിടെ നാലോ അഞ്ചോ കുട്ടികൾ ഇവിടെ കുതിരസവാരിക്കിടെ താഴെ വീണിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ കാരണം അന്വേഷിച്ചുവരികയാണ്. യുവാവിന്റെ അന്ത്യ കർമ്മങ്ങൾക്ക് ശേഷം കുടുംബത്തോട് വിശദ വിവരങ്ങൾ തേടുമെന്നും അസിസ്റ്റന്റ് പോലീസ് ഇൻസ്‌പെക്ടർ ശേഖർ കാവെ പറഞ്ഞു.
കുതിര സവാരി നടത്തുന്നവർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണമെന്ന് നിബന്ധനയുണ്ട്. എന്നാൽ പല സഞ്ചാരികളും അത് വകവെയ്ക്കാറില്ല. സഞ്ചാരികൾ ഹെൽമെറ്റ് വെച്ചില്ലെങ്കിൽ കുതിരക്കാരിൽ നിന്ന് പിഴ ഈടാക്കുമെന്നും പോലീസ് അറിയിച്ചു.
Discussion about this post