മലപ്പുറം: പാർട്ടിയെ രാജ്യത്ത് നിരോധിക്കരുതെന്ന ആവശ്യവുമായി മുസ്ലീം ലീഗ് സുപ്രീംകോടതിയിൽ. മത ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന ഹർജിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ആവശ്യം. മുസ്ലീം ലീഗ് മതേതര പാർട്ടിയാണെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് ചെയർമാൻ ആയ സയ്യദ് വസീം റിസ്വി ( ജിതേന്ദ്ര നാരായൺ ത്യാഗി) ആണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇത്തരം പാർട്ടികൾ ന്യൂനപക്ഷങ്ങൾക്കിടയിൽ വർഗ്ഗീയ വിദ്വേഷം വളർത്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഇതിൽ വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതോടെയായിരുന്നു സത്യവാങ്മൂലം സമർപ്പിച്ചത്.
പേരിൽ മുസ്ലീം എന്നുണ്ടെങ്കിലും തങ്ങളുടേത് മതേതര പാർട്ടിയാണെന്ന് ആണെന്ന് ലീഗ് സുപ്രീംകോടതിയെ അറിയിച്ചു. നൂറിലധിം ക്രിസ്ത്യൻ, ഹിന്ദു മതവിഭാഗങ്ങൾ പാർട്ടിയുടെ ഭാഗമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ നിരവധി ക്രിസ്ത്യൻ- ഹിന്ദു സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ഇവർ വിജയിക്കുകയും ചെയ്തു. നിയമസഭയിലും മുസ്ലീങ്ങൾ അല്ലാത്തവരെ മത്സരിപ്പിച്ചിരുന്നു. 60 വർഷത്തിലധികമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് മുസ്ലീം ലീഗ്. ഇതുവരെ മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചതിന് ഒരു സ്ഥാനാർത്ഥിയും അയോഗ്യനാക്കപ്പെട്ടിട്ടില്ല. ഒരു പോലീസ് കേസ് പോലും ഇല്ല. അതിനാൽ പാർട്ടിയെ നിരോധിക്കരുതെന്നും കോടതിയിൽ മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.
Discussion about this post