ന്യൂഡൽഹി: ‘ഗരീബി ഹഠാവോ’ എന്നത് വെറും മുദ്രാവാക്യമല്ല. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനും അവരെ ശാക്തീകരിക്കാനുമാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പാർലമെൻറിൻറെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. നയപ്രഖ്യാപനത്തിൽ അവർ കേന്ദ്ര സർക്കാരിന്റെ സമസ്ത മേഖലയിലുമുള്ള ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞു.
വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി പ്രവർത്തിക്കുന്ന നിർഭയരായ ഒരു സർക്കാരാണ് ഇന്ന് രാജ്യത്തുള്ളത്. ദാരിദ്ര്യമില്ലാത്ത,സമൃദ്ധമായ ഇന്ത്യ, സമൂഹത്തിനും രാജ്യത്തിനും ഒരു പാത കാണിക്കാൻ യുവാക്കളും സ്ത്രീകളും മുന്നിൽ നിൽക്കുന്ന ഒരു രാജ്യം, യുവത്വം രണ്ടടി മുന്നിൽ നിൽക്കുന്ന ഒരു ഇന്ത്യയാണ് കേന്ദ്രസർക്കാരിന്റെ സ്വപ്‌നമെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു.
കൊറോണ കാലഘട്ടത്തിൽ, ലോകമെമ്പാടുമുള്ള ദരിദ്രർക്ക് ജീവിതം എങ്ങനെ ദുഷ്‌കരമായി മാറിയെന്ന് നമ്മൾ കണ്ടു. പക്ഷേ, ദരിദ്രരുടെ ജീവൻ സംരക്ഷിക്കുന്നതിന് ഏറ്റവും മുൻഗണന നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, രാജ്യത്തെ ഒരു മനുഷ്യനും വെറുംവയറ്റിൽ ഉറങ്ങില്ലെന്ന് കേന്ദ്രസർക്കാർ ശഠിച്ചുവെന്ന് രാഷ്ട്രപതി പറഞ്ഞു.
സമ്പൂർണ സുതാര്യതയോടെ കോടിക്കണക്കിന് ആളുകൾക്ക് 27 ലക്ഷം കോടിയിലധികം രൂപ നൽകി. കൊറോണ കാലത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കോടിക്കണക്കിന് ആളുകളെ രക്ഷിക്കാൻ ഇത്തരം പദ്ധതികളും സംവിധാനങ്ങളും കൊണ്ട് ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്ന് ലോകബാങ്ക് റിപ്പോർട്ട് പറയുന്നുവെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇന്ത്യയെ ലോകം നോക്കിക്കാണുന്ന രീതി മാറിയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ഇന്ന്, ഇന്ത്യയുടെ ആത്മവിശ്വാസം ഏറ്റവും ഉയർന്ന നിലയിലാണ്, ലോകം അവളെ മറ്റൊരു വീക്ഷണകോണിൽ നോക്കുന്നു. നമ്മുടെ രാജ്യം ലോകത്തിന്റെ പ്രശ്‌നപരിഹാരിയായി മാറിയെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു.
ഇന്ത്യ ഇന്ന് ശക്തമാണ്. ഭീകരതയെ ധീരമായി നേരിടുന്ന സർക്കാർ കശ്മീരിൽ സമാധാനം കൊണ്ടുവന്നു. സ്വന്തം പൗരന്മാരെ സംരക്ഷിക്കാൻ ഇന്ത്യ ഇന്ന് സുസജ്ജമാണ്. മുത്തലാഖ് നിരോധനത്തിലും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലും നാം കണ്ടത് സർക്കാരിന്റെ ദൃഢനിശ്ചയം ആയിരുന്നുവെന്ന് രാഷ്ട്രപതി വ്യക്തമാക്കി.
Discussion about this post