തിരുവനന്തപുരം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്ക വേണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും സ്ഥാപനത്തിന്റെ നന്മയാണ് എല്ലാവരും ഉദ്ദേശിക്കുന്നതെന്നും അതിൽ എല്ലാവരും തല്പരരാണെന്നും മന്ത്രി പറഞ്ഞു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തുനിന്ന് അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അടൂർ പറഞ്ഞ കാര്യങ്ങളിൽ കഴമ്പുണ്ടെങ്കിൽ പരിശോധിക്കാവുന്നതെയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിക്കാരിയെ കൊണ്ട് വീട്ടുജോലി ചെയ്യിക്കേണ്ടതില്ല എന്നതാണ് മനുഷ്യനെന്ന രീതിയിൽ തന്റെ അഭിപ്രായമെന്നും ആർ ബിന്ദു വ്യക്തമാക്കി.
അന്വേഷണ കമ്മീഷൻ ശങ്കർ മോഹനുമായി സംസാരിക്കാൻ തയ്യാറായില്ലെന്ന അടൂരിന്റെ ആരോപണം മന്ത്രി തള്ളി. കമ്മീഷനുമായി ശങ്കർ മോഹൻ സഹകരിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവരുന്നതിനു മുൻപ് തന്നെ ശങ്കർ മോഹൻ രാജിവച്ചു. ഒഴിഞ്ഞുപോകാൻ സർക്കാർ നിർദേശം നൽകുകയോ ശങ്കർ മോഹനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
സെൻസിറ്റീവായ ഈ വിഷയത്തിൽ അവധാനതയോടെ മാത്രമേ ഇടപെടാവൂ എന്ന് മുഖ്യമന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നങ്ങൾ വസ്തുനിഷ്ഠമെന്ന് കണ്ട് തന്നെയാണ് റിപ്പോർട്ട് നൽകിയത്. അടൂരിന്റെത് പ്രതിഷേധ രാജി ആണെങ്കിൽ അതിന് കാരണം കാണുന്നില്ല. പുതിയ ചെയർമാനെ കുറിച്ച് ആലോചന തുടങ്ങിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.












