ഐപിഎൽ 2026 സീസണിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും പ്ലേഓഫ് കാണാതെ പുറത്തായതിന് പിന്നാലെ, മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് ട്രേഡ് ചെയ്യണമെന്ന നിർദ്ദേശവുമായി മുൻ സി.എസ്.കെ താരം എസ്. ബദ്രിനാഥ് രംഗത്ത്.
മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ സി.എസ്.കെ താരം ശിവം ദുബെ, ആയുഷ് മ്ഹാത്രെ എന്നിവർക്ക് പകരമായി മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് ട്രേഡ് ചെയ്യണമെന്നാണ് ബദ്രിനാഥിന്റെ നിർദ്ദേശം. ഹാർദിക്കിനെ സി.എസ്.കെയുടെ നായകനാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഞ്ജു സാംസൺ, റുതുരാജ് ഗെയ്‌ക്‌വാദ്, ഹാർദിക് പാണ്ഡ്യ എന്നിവരടങ്ങുന്ന ത്രിമൂർത്തികൾ സി.എസ്.കെയെ പുതിയൊരു തലത്തിലേക്ക് എത്തിക്കുമെന്ന് ബദ്രിനാഥ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ഹാർദിക് പാണ്ഡ്യ നായകസ്ഥാനം ആവശ്യപ്പെടുകയാണെങ്കിൽ അദ്ദേഹത്തെ സി.എസ്.കെയുടെ നായകനാക്കുന്നതിൽ തനിക്ക് മടിയില്ലെന്നും, എം.എസ്. ധോണിയുമായുള്ള അദ്ദേഹത്തിന്റെ മികച്ച ബന്ധം ഇതിന് സഹായിക്കുമെന്നും ബദ്രിനാഥ് കൂട്ടിച്ചേർത്തു.
ഹാർദിക് പാണ്ഡ്യ ടീമിൽ നിന്ന് പോയാലും മുംബൈ ഇന്ത്യൻസ് ശക്തമായി തുടരുമെന്നും, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, തിലക് വർമ്മ എന്നിവരിലൊരാളെ നായകനാക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഐ.പി.എൽ 2026 സീസണിൽ ഹാർദിക് പാണ്ഡ്യ ബാറ്റിംഗിലും ബൗളിംഗിലും നിരാശപ്പെടുത്തിയിരുന്നു. ഹാർദിക് നായകനായപ്പോൾ മുംബൈ 10 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്.












