ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനത്തിനെതിരായ ഹർജികൾ ഇനി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. വിഷയത്തിന്റെ ഗൗരവം പരിഗണിച്ചുകൊണ്ടാണ് ഹർജികൾ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചിന് വിടുന്നത്. ഇതിനൊപ്പം നിർബന്ധിത മതപരിവർത്തന നിയമങ്ങൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ച ഹർജികളും ബെഞ്ച് പരിഗണിക്കും.
നേരത്തെ എംആർ സാഹ അദ്ധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിൽ ആയിരുന്നു ഹർജികൾ ഉണ്ടായിരുന്നത്. ഈ മാസം 9 ന് ഹർജികൾ പരിഗണിച്ച ബെഞ്ച് വിഷയം അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചിരുന്നു. നിർബന്ധിത മതപരിവർത്തനത്തിനെതിരെ നൽകിയ ഹർജികൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ അശ്വിനി ഉപാദ്ധ്യായ വഴി സമർപ്പിച്ച ഹർജി അന്നേ ദിവസം കോടതി പരിഗണിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടായിരുന്നു നിർബന്ധിത മതപരിവർത്തനം ഗൗരവമുള്ള വിഷയമാണെന്ന് ബെഞ്ച് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ഹർജികൾ പുതിയ ബെഞ്ചിലേക്ക് വിടാൻ തീരുമാനിക്കുകയായിരുന്നു. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജെ ബി പർദിവാല എന്നിവരും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം കഴിഞ്ഞ തവണ ഹർജികൾ പരിഗണിച്ച കോടതി തമിഴ്‌നാട് സർക്കാരിന് വേണ്ടി വാദിച്ച അഭിഭാഷകനെ രൂക്ഷമായി വിമർശിക്കുകയും താക്കീത് നൽകുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്നും, വിഷയം ബെഞ്ച് നിയമസഭയുടെ പരിഗണനയിലേക്ക് വിടണമെന്നുമായിരുന്നു സർക്കാരിന്റെ വാദം. ഹർജിക്കാരൻ ബിജെപി പ്രവർത്തകൻ ആണെന്നും ഹർജിയ്ക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ് ഉള്ളതെന്നും സർക്കാർ വിഭാഗം അഭിഭാഷകൻ പറഞ്ഞിരുന്നു. എന്നാൽ വിഷയത്തിൽ രാഷ്ട്രീയമോ മതമോ കലർത്താൻ ശ്രമിക്കരുത് എന്നായിരുന്നു കോടതിയുടെ മറുപടി. കടുത്ത ഭാഷയിൽ അദ്ദേഹത്തെ വിമർശിക്കുകയും കോടതി ചെയ്തിരുന്നു.
Discussion about this post