പ്രപഞ്ചം എന്നുമൊരു അത്ഭുതം തന്നെയാണ്. അതില്‍ ഒരു കുത്ത് പോലുള്ള (ചിലപ്പോള്‍ അതിലും ചെറുത്) ഒരിടത്തിരിക്കുന്ന നമുക്ക് ബാക്കിയുള്ള പ്രപഞ്ചത്തിലേക്ക് ഒന്ന് നോക്കുക എന്നത് സ്വപ്‌നം പോലും കാണാനാകാത്ത കാര്യമാണ്. എങ്കിലും കഴിയാവുന്ന രീതിയില്‍ നമ്മുടെ ശാസ്ത്രലോകം പ്രപഞ്ചത്തെ അറിയാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോഴിതാ ശാസ്ത്രജ്ഞര്‍ പ്രപഞ്ചത്തിലെ മുഴുവന്‍ ദ്രവ്യത്തിന്റെയും ഭൂപടം പുറത്തുവിട്ടിരിക്കുന്നു. പ്രപഞ്ചത്തിലുടനീളം ദ്രവ്യം വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് എങ്ങനെയാണെന്നുള്ളതിന്റെ കൃത്യതയാര്‍ന്ന ദൃശ്യവല്‍ക്കരണങ്ങളില്‍ ഒന്നാണ് ഈ ഭൂപടം. പ്രപഞ്ചത്തിനെയൊന്നാകെ കാണാനാകില്ലെങ്കിലും തല്‍ക്കാലം ഈ ഭൂപടം നോക്കി ഇതൊക്കെയാണ് പ്രപഞ്ചമെന്ന് നിര്‍വൃതിയടയാം.
പ്രപഞ്ചത്തിന്റെ നിലവിലുള്ള ചിത്രങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിട്ടുള്ള ഭൂപടം. എന്നാല്‍ ചില പ്രധാനപ്പെട്ട വ്യത്യാസങ്ങള്‍ ഉണ്ടുതാനും. പ്രപഞ്ചത്തെ കുറിച്ച് നമ്മള്‍ ധരിച്ചുവെച്ചിരിക്കുന്നതെല്ലാം സത്യമായിരിക്കില്ലെന്ന് സാരം.
നമുക്കറിയുന്ന പ്രപഞ്ചോല്‍പ്പത്തി അനുസരിച്ച് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടപ്പോള്‍ ദ്രവ്യം പുറത്തേക്ക് ചിന്നിച്ചിതറി. ഇത് ക്രമേണ ഗ്രഹങ്ങളും നക്ഷത്രങ്ങളും ആകാശഗംഗകളുമായി രൂപാന്തരപ്പെട്ടു. ഇന്ന് പ്രപഞ്ചത്തില്‍ കാണപ്പെടുന്ന ദ്രവ്യത്തിന്റെ ഭൂപടം നിര്‍മ്മിക്കുക വഴി പ്രപഞ്ച പരിണാമത്തെ ത്വരിതപ്പെടുത്തിയ ശക്തികളെ (ഫോഴ്‌സ്) കുറിച്ച് മനസിലാക്കാനാണ് ശാസ്ത്രജ്ഞര്‍ ശ്രമിച്ചത്. ഇതിനായി രണ്ട് പ്രധാന ടെലസ്‌കോപ്പുകളുടെ പ്രപഞ്ച സര്‍വ്വേയുടെ വിവരങ്ങള്‍ ശേഖരിച്ച് ഒന്നിച്ച് ചേര്‍ക്കുകയായിരുന്നു. നൂറ്റമ്പതിലേറെ ഗവേഷകരാണ് ഈ ഉദ്യമത്തിനായി അണിനിരന്നത്. ഇവരില്‍ ഏറെപ്പേരും ചിക്കാഗോ സര്‍വ്വകലാശാലയില്‍ നിന്നും ഫെര്‍മി നാഷണല്‍ ആക്‌സിലേറ്റര്‍ ലബോറട്ടറിയില്‍ നിന്നും ഉള്ളവരായിരുന്നു.
നിലവില്‍ ലഭ്യമായിട്ടുള്ള പ്രപഞ്ചത്തിന്റെ ഏറ്റവും മികച്ച മാതൃക പ്രകാരം നമ്മള്‍ പ്രതീക്ഷിക്കുന്നത് പോലെ പ്രപഞ്ചത്തില്‍ ദ്രവ്യം കൂടിക്കിടക്കുകയല്ലെന്നാണ് ഇവരുടെ ഗവേഷണം സൂചിപ്പിക്കുന്നത്. നിലവിലെ പ്രപഞ്ച മാതൃകയില്‍ ചില ന്യൂനതകള്‍ ഉണ്ടെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് ഈ കണ്ടെത്തല്‍. ഡാര്‍ക് എനര്‍ജി സര്‍വ്വേ, സൗത്ത് പോള്‍ ടെലസ്‌കോപ്പ് എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ അപഗ്രഥനം ചെയ്യുക വഴി ശാസ്ത്രജ്ഞര്‍ക്ക് പ്രപഞ്ചത്തിലെ ദ്രവ്യങ്ങളെല്ലാം എവിടെയൊക്കെ ആയിരിക്കും ഉണ്ടായിരിക്കുക എന്നത് സംബന്ധിച്ച് ഏകദേശ അനുമാനത്തിലെത്താന്‍ കഴിഞ്ഞു. മുന്‍ മാതൃകകളേക്കാള്‍ കൂടുതല്‍ കൃത്യത ഈ ദ്രവ്യ ഭൂപടത്തിന് ഉണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്.
ഗവേഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ നിലവിലെ പ്രപഞ്ച മാതൃകകളോട് ചേര്‍ന്ന് നില്‍ക്കുന്നതാണെങ്കിലും ദ്രവ്യം കട്ടിയില്‍ കൂടിക്കിടക്കുകയാണെന്ന ധാരണയ്ക്ക് പകരം ചില ഭാഗങ്ങളില്‍ മാത്രം കൂടിക്കിടക്കുകയാണെന്നുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ അത് മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ ഇവ ഉറപ്പിക്കാവുന്ന തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ അതൊരു സാധ്യത മാത്രമായേ ഇപ്പോള്‍ കരുതാനാകൂ. മറ്റ് പഠനങ്ങളും ഇത്തരത്തിലൊരു അനുമാനത്തിലെത്തിയാല്‍ നിലവിലെ പ്രപഞ്ച മാതൃകയില്‍ തിരുത്തലുകള്‍ വേണമെന്ന് ഊഹിക്കാം. എന്തായാലും രണ്ട് മികച്ച ടെലസ്‌കോപ്പുകള്‍ ശേഖരിച്ച വിവരങ്ങള്‍ സമന്വയിപ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് ആയതിനാല്‍ ഇതുവരെയുള്ളതില്‍ പ്രപഞ്ചത്തെ കുറിച്ച് ഏറ്റവുമധികം വിവരങ്ങള്‍ ഉള്ള ഒരു ഗവേഷണ റിപ്പോര്‍ട്ടാണ് ഇത്.








