ന്യുഡൽഹി: ഇന്ത്യയുടെ വികസന യാത്രയിൽ പുതിയ ഊർജ്ജം നിറയ്ക്കുന്ന ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഇന്ത്യയെ സൃഷ്ടിക്കാനുളള ശക്തമായ അടിത്തറ ഒരുക്കുന്ന ബജറ്റാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇടത്തരക്കാരും പാവപ്പെട്ടവരും കർഷകരും അടങ്ങുന്ന സമൂഹത്തിന്റെ സ്വപ്‌നങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ബജറ്റാണിതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഗ്രാമീണ, നഗര മേഖലകളിലെ വനിതകളുടെ ജീവിതം പ്രയാസരഹിതമാക്കാൻ സർക്കാർ ഇപ്പോൾ തന്നെ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. ബജറ്റിൽ വനിതാ സ്വയം സഹായ സംഘങ്ങൾക്കുളള സഹായം അവരുടെ ജീവിതനിലവാരം വീണ്ടും ഉയർത്തുന്നതിലേക്ക് നയിക്കും.
പരമ്പരാഗത കരകൗശല തൊഴിലാളികൾക്കായി പ്രഖ്യാപിച്ച പ്രധാനമന്ത്രി വിശ്വകർമ്മ കരകൗശൽ സമ്മാൻ പദ്ധതിയും പ്രധാനമന്ത്രി പരാമർശിച്ചു. പരമ്പരാഗതമായി രാജ്യത്തിന് വേണ്ടി സ്വന്തം കൈകൾ കൊണ്ട് അധ്വാനിക്കുന്നവരാണ് അവർ. പക്ഷെ ആദ്യമായിട്ടാണ് അവരുടെ പരിശീലനത്തിനും പിന്തുണയ്ക്കുമായി ഒരു പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഹരിത ഊർജ്ജവും ഹരിത വളർച്ചയും ഹരിത സൗകര്യങ്ങളും ഹരിത തൊഴിലുകളും പ്രോത്സാഹിപ്പിക്കുന്നതാണ് ബജറ്റ്. സുസ്ഥിരമായ ഭാവിയാണ് ഇതിലൂടെ മുന്നോട്ടുവെയ്ക്കുന്നത്. സാങ്കേതിക മേഖലയെയും പുതിയ സമ്പദ് വ്യവസ്ഥയെയും ബജറ്റ് ഫോക്കസ് ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post