ന്യൂഡൽഹി : രാജ്യത്തെ ഹരിത വികസനത്തിന് കൂടുതൽ പ്രധാന്യം നൽകുന്നതാണ് 2023 ലെ കേന്ദ്ര ബജറ്റ്. 35,000 കോടി രൂപയാണ് ഹരിത വളർച്ചയ്ക്ക് വേണ്ടി വകയിരുത്തിയിരിക്കുന്നത്.
പരിസ്ഥിതി ബോധമുള്ള ജീവിതശൈലി വളർത്തുന്ന ഒരു പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 2070-ഓടെ കാർബൺ പുറന്തള്ളൽ ഇല്ലാതാക്കുന്ന പഞ്ചാമൃതത്തിലേക്ക് ഇന്ത്യ നീങ്ങുകയാണ്. ഇതിലൂടെ ഹരിത വ്യാവസായിക-സാമ്പത്തിക പരിവർത്തനത്തിന് തുടക്കമിടുന്നു. ഈ ബജറ്റ് ഹരിത വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
ഇതിന്റെ ഭാഗമായി രാജ്യത്ത് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാൻ ബജറ്റിൽ തുക വകയിരുത്തി. 200 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകൾക്കും 300 കമ്യൂണിറ്റി, ക്ലസ്റ്റർ കേന്ദ്രീകൃത ബയോഗ്യാസ് പ്ലാന്റുകൾക്കുമായി 10,000 കോടി രൂപ നീക്കിവെച്ചു. ഇതിന് പുറമേ മറ്റ് ഊർജ്ജ പദ്ധതികൾക്ക് വേണ്ടിയും 35,000 കോടി വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതികൾ ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
2070 ഓടെ ഇന്ത്യ കാർബൺ പുറന്തള്ളാത്ത രാജ്യമായി മാറും. ഹരിതോർജ്ജ വികസനം ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ മിഷന് വേണ്ടി 19700 വകയിരുത്തിയെന്ന് ധനമന്ത്രി പറഞ്ഞു. പുനരുപയോഗ ഊർജ പദ്ധതികൾക്കായി ലഡാക്കിന് 8300 കോടി നീക്കിവെച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി പിഎം പ്രണാം പദ്ധതി ആരംഭിക്കും.
Discussion about this post