തിരുവനന്തപുരം: സംസ്ഥാനത്ത് 64,006 കുടുംബങ്ങൾ അതി ദരിദ്രമെന്ന് ബജറ്റിനു മുന്നോടിയായി നിയമസഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ആരോഗ്യം, ഭക്ഷണം, വരുമാനം, പാര്‍പ്പിടം തുടങ്ങിയ നാലു ഘടകങ്ങളെ ആസ്‌പദമാക്കി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
8553 അതി ദരിദ്ര കുടുംബങ്ങളുള്ള മലപ്പുറമാണ് ഈ വിഭാഗത്തില്‍ മുന്നിൽ. 7278 കുടുംബങ്ങളുള്ള തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. കോഴിക്കോട്(6773 കുടുംബങ്ങള്‍), പാലക്കാട്(6443 കുടുംബങ്ങള്‍) എന്നിവയാണ് തൊട്ടു പിന്നിലുള്ള ജില്ലകള്‍. 1071 കുടുംബങ്ങളുള്ള കോട്ടയമാണ് അതി ദരിദ്രരുടെ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ളത്.
സര്‍വേയിലൂടെ കണ്ടെത്തിയ അതിദരിദ്ര കുടുംബങ്ങളില്‍ 35 ശതമാനത്തിന് വരുമാനത്തിന്‍റെ അഭാവവും 24 ശതമാനം കുടുംബങ്ങള്‍ക്ക് ആരോഗ്യത്തിന്‍റെ അഭാവവും 21 ശതമാനത്തിന് ഭക്ഷണത്തിന്‍റെ അഭാവവും 15 ശതമാനം കുടുംബങ്ങള്‍ക്ക് പാര്‍പ്പിടത്തിന്‍റെ അഭാവവും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
നിലവില്‍ സംസ്ഥാനത്തിന്‍റെ ദാരിദ്ര്യ നിരക്ക് 11.3 ശതമാനമാണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതിദാരിദ്ര്യ സര്‍വേ വഴി കണ്ടെത്തിയ 64,006 കുടുംബങ്ങളില്‍ 75 ശതമാനം പൊതു വിഭാഗത്തില്‍ നിന്നും 20 ശതമാനം പട്ടിക ജാതി വിഭാഗത്തില്‍ നിന്നും അഞ്ച് ശതമാനം പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുമാണ്. അതി ദരിദ്രരില്‍ 81 ശതമാനം ഗ്രാമപഞ്ചായത്തുകളിലും 15 ശതമാനം മുനിസിപ്പാലിറ്റികളിലും നാല് ശതമാനം കോര്‍പ്പറേഷനുകളിലും വസിക്കുന്നു. അതി ദാരിദ്ര്യം ഏറ്റവും രൂക്ഷമായിരിക്കുന്നത് കേരളത്തിന്‍റെ ഗ്രാമീണ മേഖലയിലാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.












