സിഡ്‌നി: ഓസ്‌ട്രേലിയ തങ്ങളുടെ കറൻസി നോട്ടിൽ നിന്ന് അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം മാറ്റി. രാജ്ഞിയ്ക്ക പകരം യുകെയുടെ അടുത്ത രാജാവായ ചാൾസ് രാജകുമാരന്റെ ചിത്രം ഉൾപ്പെടുത്തില്ലെന്നാണ് ഓസ്‌ട്രേലിയൻ സെൻട്രൽ ബാങ്ക് വ്യക്തമാക്കിയത്.
A$5 കറൻസിയിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം ഉൾപ്പെടുത്തിയിരുന്നത്. ഫെഡറൽ സർക്കാരുമായുള്ള കൂടിയാലോചനയ്ക്കു ശേഷമാണ് ഈ തീരുമാനമെന്ന് റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ അറിയിച്ചു. തദ്ദേശീയ സംസ്‌കാരത്തിന്റെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി കറൻസിയിൽ പുതിയ ചിത്രം നൽകുമെന്ന് ബാങ്ക് കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയൻ ഡോളർ നോട്ടിൽ രാജ്ഞിയുടെ ചിത്രം ഉൾപ്പെടുത്താനുള്ള തീരുമാനം വന്നത് അവരുടെ രാജപദവി പരിഗണിച്ചായിരുന്നില്ലെന്നും വ്യക്തിത്വത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നെന്നും ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖരായ ഏതെങ്കിലും വ്യക്തിയുടെ ചിത്രമായിരിക്കും പുതുതായി അച്ചടിക്കുന്ന കറൻസിയിൽ ഉൾപ്പെടുത്തുക. നോട്ടിന്റെ മറുവശത്ത് ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ ചിത്രം തന്നെ തുടരുമെന്നും രാജ്യം പ്രസ്താവനയിൽ വ്യക്തമാക്കി.












