ന്യൂഡൽഹി: 2022 ഏപ്രിൽ മുതൽ 2023 ജനുവരി വരെയുള്ള കണക്ക് പ്രകാരം, ഇന്ത്യൻ റെയിൽവേക്ക് വൻ വരുമാന വർദ്ധനവ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിനേക്കാൾ 73 ശതമാനത്തിന്റെ വരുമാന വർദ്ധനവാണ് നടപ്പ് സാമ്പത്തിക വർഷം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി.
2022 ഏപ്രിൽ മുതൽ 2023 ജനുവരി വരെയുള്ള കാലയളവിൽ 54,733 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേയുടെ വരുമാനം. കഴിഞ്ഞ വർഷം ഇത് 31,364 കോടിയായിരുന്നു.
റിസർവ് ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 6590 ലക്ഷം യാത്രക്കാരാണ് 2022 ഏപ്രിൽ 1 മുതൽ 2023 ജനുവരി 31 വരെ ഇന്ത്യൻ റെയിൽവേയിൽ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6181 ലക്ഷം യാത്രക്കാരാണ് റിസർവേഷൻ സൗകര്യം ഉപയോഗിച്ച് യാത്രം ചെയ്തത്. ഈ മേഖലയിൽ 7 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. റിസർവേഷനിലൂടെയുള്ള വരുമാനം മുൻ വർഷത്തേതിനേക്കാൾ 48 ശതമാനം വർദ്ധിച്ചു.
റിസർവ് ചെയ്യാത്ത യാത്രക്കാരുടെ എണ്ണത്തിലാണ് റെക്കോർഡ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 128 ശതമാനമാണ് ഈ വിഭാഗത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച വർദ്ധനവ് ഉണ്ടായിരിക്കുന്നത്. റിസർവ് ചെയ്യാത്ത യാത്രക്കാരിൽ നിന്നുമുള്ള വരുമാനത്തിൽ 361 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കുന്നു.
Discussion about this post