അഗർത്തല: ത്രിപുര തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വ്യത്യസ്ത വാഗ്ദാനവുമായി സിപിഐഎം. സംസ്ഥാനത്ത് അധികാരത്തിലേറിയാൽ പ്രതികാര അതിക്രമം ഉണ്ടാവില്ലെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്. കമ്യൂണിസറ്റ് പാർട്ടിയ്ക്ക് അധികാരം ലഭിച്ചാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ലെന്നും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും 10,000 അദ്ധ്യാപകരെ പുനർനിയമിക്കുമെന്നും വാഗ്ദാനം ചെയ്തു.
ഫെബ്രുവരി 16ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക അഗർത്തലയിലെ സിപിഐ എം ആസ്ഥാനത്ത് പ്രകാശനം ചെയ്തുകൊണ്ട് സംസ്ഥാന പാർട്ടി സെക്രട്ടറി ജിതേന്ദ്ര ചൗധരിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ‘ഞങ്ങൾ പ്രതികാരത്തിൽ വിശ്വസിക്കുന്നില്ല. ഞങ്ങൾ മാറ്റത്തിൽ വിശ്വസിക്കുന്നു. സമാധാനത്തിനും ദീർഘകാല സാഹോദര്യത്തിനും വേണ്ടി ഞങ്ങൾ പ്രവർത്തിക്കും. ഞങ്ങൾ വ്യത്യസ്തയോടെ ജീവിക്കും, അക്രമത്തിന് ഇടമില്ലെന്നായിരുന്നു ജിതേന്ദ്ര ചൗധരിയുടെ പരാമർശം.
15 പേജുള്ള പ്രകടനപത്രികയിൽ 2.5 ലക്ഷം പുതിയ തൊഴിലവസരങ്ങൾ, കർഷകരുടെ കൂലി വർദ്ധന, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നേരിടാൻ കർശന നിയമം, മാദ്ധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കൽ, സർക്കാർ മേഖലകളിലെ 10,323 അദ്ധ്യാപകർക്ക് പുനർനിയമനം, സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത നൽകൽ എന്നിവ വാഗ്ദാനം ചെയ്യുന്നു. ബാങ്കിംഗ്, ഐഎഎസ്, ഐപിഎസ് പരീക്ഷകൾക്ക് പ്രൊഫഷണൽ കോച്ചിംഗ് സെന്ററുകൾ സ്ഥാപിക്കുമെന്നും ആർമി റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തനക്ഷമമാക്കുമെന്നും പാർട്ടി ഉറപ്പുനൽകി.
Discussion about this post