കൊൽക്കത്ത: പശ്ചിമബംഗാളിലെ സഫാരി പാർക്കിലേക്ക് കൂടുതൽ മൃഗങ്ങളെത്തുന്നു. കൃഷ്ണമൃഗങ്ങൾ, പന്നി, മാനുകൾ, ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ എന്നിവയാണ് പാർക്കിൽ പുതുതായി എത്തുന്നത്. 700 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന സഫാരി പാർക്കിൽ പുതിയ മൃഗങ്ങളെ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സന്ദർശകരെ ആകർഷിക്കുക എന്നതാണ് പൊതുവായ ഉദ്ദേശമെങ്കിലും ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തെ എത്തിക്കുന്നതിന് മറ്റൊരു ലക്ഷ്യമുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
നിലവിൽ, ബംഗാൾ സഫാരി പാർക്കിൽ ഒരു ആൺ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം മാത്രമേ അവശേഷിക്കുന്നുള്ളൂ. പാർക്ക് ജീവനക്കാർ ഭീം എന്നാണ് അവനെ വിളിക്കുന്നത്. ഏറെ നാളായി ഏകാന്തനായി കഴിഞ്ഞ ഭീം വിഷാദരോഗത്തിന് അടിമ ആയതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സഫാരി പാർക്ക് അധികൃതരും വനംവകുപ്പും മുൻകൈ എടുത്ത് ജൽദാപാറ ദേശീയോദ്യാനത്തിൽ നിന്ന് ഒരു പെൺ കാണ്ടാമൃഗത്തെ എത്തിക്കുന്നത്.
ബംഗാളിലെ മഹാനന്ദ വന്യജീവി പാർക്കിൽ നിന്ന് ബംഗാൾ സഫാരിയിലേക്ക് എത്തിയ ഭീമിന് പുതിയ കാണ്ടാമൃഗം തുണയാവുമോ എന്ന് കാത്തിരിക്കുകയാണ് പാർക്ക് ജീവനക്കാർ.
Discussion about this post