മലപ്പുറം : ഭർത്താവിനെ സാരികൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയുടെ കാമുകനെ തേടി പോലീസ്. വേങ്ങര കോട്ടയ്ക്കൽ റോഡിലെ യാറംപടിയിലെ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശി സൻജിത് പാസ്വാനാണ് മരിച്ചത്. സംഭവത്തിൽ ഭാര്യയുടെ കാമുകനെ തേടി കേരള പോലീസ് ബീഹാറിലേക്ക് പോകുകയാണ്. അറസ്റ്റിലായ ഭാര്യ ബീഹാർ സ്വദേശി പുനംദേവി (30) റിമാൻഡിലാണ്.
ജനുവരി 31 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവിന് സുഖമില്ലെന്നാണ് അടുത്ത മുറിയിലുള്ളവരോടെല്ലാം പുനം ദേവി പറഞ്ഞത്. തുടർന്ന് ഭർത്താവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരിച്ചതായി സ്ഥിരീകരിച്ചു.
എന്നാൽ കഴുത്തിലെയും മുഖത്തെയും പാടുകൾ കണ്ട് പോലീസിന് സംശയം തോന്നിയതോടെ അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഴുത്തിലെ എല്ലിൽ പൊട്ടൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പുനം ദേവിയെ ചോദ്യം ചെയ്തു. ഒന്നിച്ച് ജീവിക്കാൻ വേണ്ടിയാണ് ഇവർ ഭർത്താവിനെ കൊന്നത് എന്നാണ് വിവരം.












