തിരുവനന്തപുരം: ഓപ്പറേഷൻ ആഗ് ഇന്നും തുടരും. രണ്ട് ദിവസം കൊണ്ട് 2507 ഗുണ്ടകളും ക്രിമിനലുകളുമാണ് സംസ്ഥാനത്താകെ പിടിയിലായത്. കരുതൽ തടങ്കൽ രേഖപ്പെടുത്തി വിട്ടയച്ചവരെ പ്രത്യേകമായി നിരീക്ഷിക്കും. ഓപ്പറേഷൻ ആഗ് എന്ന പേരിൽ തുടങ്ങിയ ഗുണ്ടാവിരുദ്ധ പദ്ധതിയുടെ ഭാഗമായിട്ടാണ് സംസ്ഥാന വ്യാപക നടപടി. മുന്നൂറിലേറെ പിടികിട്ടാപ്പുള്ളികളും അറസ്റ്റിലായവരുടെ പട്ടികയിലുണ്ട്.
കാപ്പ ചുമത്തി നാട് കടത്തിയ ശേഷവും തിരിച്ചെത്തിയവർ, കാപ്പ ചുമത്താൻ തീരുമാനമായിട്ടും മുങ്ങി നടക്കുന്നവർ, പിടികിട്ടാപ്പുള്ളികൾ, വാറണ്ട് പ്രതികൾ, ലഹരി വിൽപ്പനക്കാർ തുടങ്ങിയവരെയാണ് പ്രധാനമായും പിടികൂടുന്നത്. പിടികൂടിയ എല്ലാവരേയും ജയിലിലടക്കില്ല. പിടികിട്ടാപ്പുള്ളികളേയും ജാമ്യമില്ലാകേസിലെ പ്രതികളേയുമാണ് റിമാൻഡ് ചെയ്യുന്നത്. മറ്റുള്ളവരെ 24 മണിക്കൂർ കരുതൽ തടങ്കലിൽ വച്ച് വിവരങ്ങൾ ശേഖരിച്ചതിന് ശേഷം വിട്ടയക്കും.
അപകടകാരികളായ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള 50 ശതമാനത്തിലേറെ ആളുകളേയും പിടികൂടാനായെന്നാണ് പോലീസ് പറയുന്നത്. മറ്റ് ക്രിമിനലുകൾ പ്രത്യേക നിരീക്ഷണത്തിലായി എന്നതും ഒരു നേട്ടമായി പോലീസ് പറയുന്നു.
Discussion about this post