കാരലൈന തീരത്ത് ചൈനീസ് ചാര ബലൂൺ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ തങ്ങളുടെ വ്യോമ അതിർത്തി പ്രദേശത്തിനുള്ളിലും സമാനമായ വസ്തു കണ്ടെത്തിയെന്ന് കൊളംബിയ. വലിയ ബലൂണിന് സമാനമായ വസ്തുവിനെ വെള്ളിയാഴ്ചയാണ് ആകാശത്ത് കണ്ടത്. രാജ്യത്തിന്റെ വ്യോമാതിർത്തി കടക്കുന്നത് വരെ ഈ വസ്തുവിനെ നിരീക്ഷിച്ചിരുന്നുവെന്നും കൊളംബിയൻ വ്യോമസേന അറിയിച്ചു.
55,000 അടി ഉയരത്തിലാണ് ഈ വസ്തു ഉണ്ടായിരുന്നത്. മണിക്കൂറിൽ 46 കിലോമീറ്റർ വേഗതയിലായിരുന്നു ഇതിന്റെ സഞ്ചാരം. എന്നാലിത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഏതെങ്കിലും തരത്തിൽ ഭീഷണി ഉയർത്തുന്നില്ലെന്നും വ്യോമസേന പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ഈ വസ്തു എവിടെ നിന്നാണ് എത്തിയതെന്ന് കണ്ടെത്താൻ വിവിധ രാജ്യങ്ങളും സ്ഥാപനങ്ങളുമായും യോജിച്ച് അന്വേഷണം നടത്തി വരികയാണെന്നും വ്യോമസേന വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് യുഎസിന്റെ ആകാശത്തേക്ക് വഴിതെറ്റി പറന്നതെന്ന് ചൈന അവകാശപ്പെടുന്ന ബലൂൺ കാരലൈന തീരത്ത് യുഎസ് പോർവിമാനങ്ങൾ വെടിവച്ച് വീഴ്ത്തിയത്. ആണവ മിസൈൽ കേന്ദ്രങ്ങളുള്ള തന്ത്രപ്രധാന യുഎസ് സംസ്ഥാനമായ മൊണ്ടാനയിലാണ് ബലൂൺ പ്രത്യക്ഷപ്പെട്ടത്. ജനവാസമേഖലയിൽ സഞ്ചരിച്ച് കൊണ്ടിരിക്കെ വെടിവച്ച് വീഴ്ത്തിയാൽ അവശിഷ്ടങ്ങൾ പതിച്ച് അപകടം ഉണ്ടായേക്കുമെന്നതിനാൽ ബലൂൺ അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലെത്തിയപ്പോഴാണ് വെടിവച്ച് വീഴ്ത്തിയത്.
Discussion about this post