ന്യൂഡൽഹി : കൊറോണ മഹാമാരിക്കും യുദ്ധത്തിനും ഇന്ത്യയെ തകർക്കാനായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന് മുന്നിൽ രാജ്യമിന്ന് ശോഭിക്കുകയാണ്. 2023 ലെ ലോകത്തിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ച് അന്താരാഷ്ട്ര നാണയ നിധി പഠനം നടത്തിയിരുന്നു. ഇന്ത്യ വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് ശക്തിയാണെന്നാണ് ഐഎംഎഫ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2022 ലെ ഇന്ത്യയുടെ മുന്നേറ്റത്തെ ചെറുക്കാൻ ഒരു മഹാമാരിക്കും സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്ക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ജി20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷം നടത്തുന്ന ആദ്യത്തെ സുപ്രധാന പരിപാടിയാണ് ഇന്ത്യ എൻനർജി വീക്ക് 2023. ഊർജ്ജ പരിവർത്തന രംഗത്ത് ലോകത്തെ തന്നെ ഏറ്റവും ശക്തമായ ശബ്ദമാണ് ഇന്ന് രാജ്യം. മൊബൈൽ ഫോൺ ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ഊർജ്ജ മേഖല അനുദിനം വികസിക്കുകയാണെന്നും രാജ്യത്ത് നിക്ഷേപം നടത്താൻ ആഗോള സ്ഥാപനങ്ങളെ ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്രൂഡ് ഓയിൽ റിഫൈനിംഗിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. ഗ്യാസ് പൈപ്പ് ലൈൻ ശൃംഖല 22,000 കിലോമീറ്ററിൽ നിന്ന് അഞ്ച് വർഷത്തിനുള്ളിൽ 35,000 കിലോമീറ്ററായി വികസിപ്പിക്കും. 20 ശതമാനം എഥനോളിൽ പെട്രോളിൽ കലർത്തുക എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. ഇന്ന് പുറത്തിറക്കിയ സോളാർ കുക്ക്‌ടോപ്പ് ഇന്ത്യയിലെ പാചകരീതിക്ക് പുതിയ മുഖം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മോശം സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടും, വെല്ലുവിളികളെ അതിജീവിച്ച രാജ്യത്തിന്റെ ഐക്യത്തോടെയുള്ള പ്രവർത്തനത്തെ മോദി പ്രശംസിച്ചു. സുസ്ഥിരവും നിർണ്ണായകവുമായ ഭരണം, പരിഷ്‌കരണങ്ങൾ, സാമൂഹിക-സാമ്പത്തിക ശാക്തീകരണം എന്നിവയാണ് രാജ്യത്തിന്റെ ഉയർച്ചയ്ക്ക് കാരണം. കോടിക്കണക്കിന് ജനങ്ങൾ ഇന്ന് ദാരിദ്ര്യത്തിൽ നിന്ന് മുക്തരായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








