തിരുവനന്തപുരം: നൂറ് കോടി ക്ലബും കടന്ന് ചരിത്ര വിജയത്തിലേക്ക് നീങ്ങുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം ഒടിടി റിലീസ് വിവരങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ചിത്രത്തിന്റെ ഒടിടി റിലീസിന് മുന്നോടിയായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ടീസർ പുറത്തുവിട്ടു.
അതേസമയം, ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. സാധാരണ ഗതിയിൽ ഒരു സിനിമ റിലീസ് ചെയ്താൽ ഇരുപത്തിയെട്ടാം ദിവസത്തിന് ശേഷം ഒടിടിയിൽ റിലീസ് ചെയ്യുക എന്നതാണ് പതിവ്. എന്നാൽ, മാളികപ്പുറം ഇപ്പോഴും തിയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകളും സ്റ്റെഡി കളക്ഷനുമായി മുന്നേറുകയാണ്. അതിനാലാണ് കൃത്യമായ ഒടിടി റിലീസ് തീയതി പ്രഖ്യാപിക്കാൻ വൈകുന്നത് എന്നാണ് സൂചന.
സമീപകാലത്ത് ഒരു മലയാള സിനിമ നേടിയ ഏറ്റവും വലിയ വിജയം എന്നാണ് മാളികപ്പുറം അടയാളപ്പെടുത്തപ്പെടുന്നത്. ഡിസംബർ 30ന് റിലീസ് ചെയ്യുമ്പോൾ ചിത്രത്തിന് കേരളത്തിൽ 145 സ്ക്രീനുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രം കേരളത്തിൽ മാത്രം 233 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്.
ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റിലീസുകളും വൻ വിജയമാണ് നേടുന്നത്. മോഹൻലാലിന്റെ പുലിമുരുകന് ശേഷം തെലുങ്കിൽ ഹൗസ് ഫുൾ ഷോകൾ കിട്ടുന്ന ആദ്യ മലയാള ചിത്രമാണ് മാളികപ്പുറം. മലയാളത്തിലേതു പോലെ, പതിഞ്ഞ തുടക്കത്തിന് ശേഷം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് മാളികപ്പുറം തമിഴിലും തെലുങ്കിലും ഗ്രാഫ് ഉയർത്തുന്നത്. കുടുംബ പ്രേക്ഷകരും കുട്ടികളും യുവാക്കളും ഒരേ പോലെ ഏറ്റെടുക്കുകയാണ് ചിത്രമെന്നാണ് വിതരണക്കാർ വ്യക്തമാക്കുന്നത്.
Discussion about this post