ആലപ്പുഴ : ശസ്ത്രക്രിയയ്ക്കായി കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ കൈയ്യോടെ പിടികൂടി. പ്രസവവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ നടത്തുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോ. രാജനെ പിടികൂടിയത്. പ്രസവം നിർത്തുന്ന ശസ്ത്രക്രിയയ്ക്കായി 2500 രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ചേർത്തലയിലാണ് സംഭവം.
ആലപ്പുഴയിലെ യുവതിയും കുടുംബവും ശസ്ത്രക്രിയയ്ക്കായി പലതവണ താലൂക്ക് ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ഇയാൾ ശസ്ത്രക്രിയ നീട്ടിവെയ്ക്കുകയായിരുന്നു. പണം തന്നാലെ ശസ്ത്രക്രിയ നടത്തൂ എന്ന് പറഞ്ഞ ഡോക്ടർ, ആശുപത്രിക്ക് എതിർവശത്ത് ഇയാൾ സ്വകാര്യമായി പ്രാക്ടീസ് ചെയ്യുന്ന ക്ലിനിക്കിലേക്ക് പണവുമായി വരാൻ ആവശ്യപ്പെട്ടു.
ഇതോടെ യുവതി വിജിലൻസിനെ സമീപിച്ചു. തുടർന്ന് വിജിലൻസും യുവതിക്കൊപ്പം ഡോക്ടർ പരിശോധന നടത്തുന്ന സ്വകാര്യ ക്ലിനിക്കിലെത്തി ഇയാളെ കൈയ്യോടെ പിടികൂടി.
Discussion about this post