പട്‌ന : രണ്ട് കിലോമീറ്ററോളം നീളത്തിലുളള റെയിൽപാളം മോഷ്ടിച്ച് കടത്തി. ബീഹാറിലെ സമസ്തിപൂരിലാണ് സംഭവം. പണ്ഡൗൽ സ്റ്റേഷനെയും ലോഹത് ഷുഗർ മില്ലിനെയും ബന്ധിപ്പിക്കുന്ന പാതയിലെ റെയിൽപാളമാണ് മോഷ്ടാക്കൾ പൊളിച്ച് കടത്തിയത്. മോഷണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് ആർപിഎഫ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു.
ജനുവരി 24 നാണ് റെയിൽപാളം മോഷണം പോയ വിവരം പുറത്തറിയുന്നത്. പ്രദേശത്തുള്ള പഞ്ചസാര മിൽ അടച്ചുപൂട്ടിയിരുന്നു. തുടർന്ന് പണ്ഡൗൽ-ലോഹത് ഷുഗർ മിൽ പാതയിൽ ഏതാനും വർഷങ്ങളായി തീവണ്ടി ഗതാഗതമില്ല. ഈ രണ്ട് കിലോമീറ്റർ നീളത്തിലുള്ള റെയിൽപാളമാണ് കടത്തിക്കൊണ്ട് പോയത്. റെയിൽപാളം ആക്രക്കടയിൽ വിറ്റതായും വിവരമുണ്ട്.
ജഞ്ജർപൂർ ഔട്ട്പോസ്റ്റ് കമാൻഡർ ശ്രീനിവാസ്, മധുബനി ജമാദാർ മുകേഷ് കുമാർ സിംഗ് എന്നിവർക്കെതിരെയാണ് പ്രാഥമിക അന്വേഷണം നടക്കുന്നത്. ലേലം വിളിക്കാതെ ട്രെയിൻ പാത വിറ്റെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം നടത്താനായി വകുപ്പുതല സമിതി രൂപവത്കരിച്ചിട്ടുണ്ടെന്ന് സമസ്തിപൂർ റെയിൽവേ ഡിവിഷൻ മാനേജർ അശോക് അഗർവാളും അറിയിച്ചു.








