തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ കാനയിൽ വീണ് കാൽനട യാത്രക്കാരിയ്ക്ക് പരിക്ക്. വടക്ക നടയിലാണ് സംഭവം. പുല്ലൂറ്റ് ചാപ്പാറ സ്വദേശിനിയ്ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയോടെയായിരുന്നു സംഭവം. മറ്റൊരു യുവതിയ്‌ക്കൊപ്പം സ്ലാബുകൾക്ക് മുകളിലൂടെ നടന്നുവരികയായിരുന്നു ചാപ്പാറ സ്വദേശിനി. ഇതിനിടെ സ്ലാബ് നീങ്ങി അതിനുള്ളിലേക്ക് വീഴുകയായിരുന്നു. പകുതി മൂടിയ നിലയിലായിരുന്നു സ്ലാബുണ്ടായിരുന്നത്.
പ്രദേശത്തുണ്ടായിരുന്ന വ്യാപാരികളും മറ്റുള്ളവരും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. കാലിനാണ് പരിക്ക്. സംഭവത്തിന് പിന്നാലെ പിഡബ്ലൂഡി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി സ്ലാബുകൾ മൂടി. പ്രദേശത്തിന്റെ പല ഭാഗങ്ങളിലും അവസ്ഥ ഇത് തന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ മാസം വടക്കാഞ്ചേരിയിലും സ്ലാബിൽ വീണ് കാൽനട യാത്രികർക്ക് പരിക്കേറ്റിരുന്നു.












