തിരുവനന്തപുരം: റിസോർട്ടിലെ താമസവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി യുവജനകമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. കൊറോണ കാലത്ത് അമ്മയ്ക്ക് സ്‌ട്രോക്ക് വന്നിരുന്നുവെന്നും അമ്മയുടെ ചികിത്സയ്ക്കായാണ് റിസോർട്ടിൽ താമസിച്ചതെന്നും ചിന്ത വ്യക്തമാക്കി. അമ്മയ്ക്ക് ആയുർവേദ ചികിത്സ ആവശ്യമായി വന്നു. സ്‌ട്രോക്ക് വന്നത് കാരണം അമ്മയ്ക്ക് നടക്കാൻ പ്രയാസമായിരുന്നു. അറ്റാച്ചഡ് ബാത്തറൂമും വീട്ടിൽ ഇല്ലായിരുന്നു ഇതേ തുടർന്ന് ഡോക്ടർ താമസിക്കുന്ന സ്ഥലത്തെ അപാർട്ട്‌മെന്റിലേക്ക് മാറിത്താമസിക്കുകയാണ് ഉണ്ടായതെന്ന് അവർ വ്യക്തമാക്കി.
20,000 രൂപയാണ് മാസവാടകയാണ് നൽകിയത്. തന്റെ കയ്യിൽ നിന്നും അമ്മയുടെ പെൻഷനിൽ നിന്നുമാണ് പണം നൽകിയതെന്നും ചിന്ത വ്യക്തമാക്കി. പൊതുചടങ്ങുകൾക്ക് പോകുമ്പോൾ രോഗിയായ അമ്മ തനിച്ചാവുന്നത് കണക്കിലെടുത്താണ് പരിചയമുള്ളയാളുടെ സമീപത്ത് താമസമാക്കിയതെന്ന് ചിന്ത കൂട്ടിച്ചേർത്തു.
കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപാർട്‌മെന്റിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നായിരുന്നു യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നത് പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്‌മെന്റിന്റെ വാടക. ഈ കണക്കിൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകേണ്ടി വന്നുവെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇത്രയും പണം യുവജന കമ്മീഷൻ അദ്ധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങൾ അന്വഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, വിജിലൻസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിലും പരാതി നൽകിയിട്ടുണ്ട്.









