കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെന്നൈയിനെ ബ്ലാസ്റ്റേഴ്സ് തകർത്തത്. ഈ ജയത്തൊടെ, ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സാദ്ധ്യതകൾ സജീവമാക്കി. ഒരു മത്സരം കൂടി ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ കടക്കാം. ഇന്നത്തെ തോൽവിയോടെ, ചെന്നൈയിന്റെ വിദൂരമായ പ്ലേ ഓഫ് സാദ്ധ്യതകൾ അവസാനിച്ചു.
മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെയും കൊച്ചിയിൽ ആർത്തിരമ്പിയ മുപ്പത്തോരായിരം കാണികളെയും ഞെട്ടിച്ച് ചെന്നൈയിനാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം മിനിറ്റിൽ തന്നെ ഡച്ച് താരം നാസർ എൽ ഖയാതി ചെന്നൈനെ മുന്നിലെത്തിച്ചു. എന്നാൽ ആദ്യ ഗോൾ വഴങ്ങിയതിന്റെ ഞെട്ടലിൽ നിന്നും അതിവേഗം മോചിതരായ ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് ആവേശകരമായി തിരിച്ചു വരുന്നതാണ് പിന്നീട് കലൂർ സ്റ്റേഡിയം കണ്ടത്.
മുപ്പത്തിയെട്ടാം മിനിറ്റിൽ സൂപ്പർ താരം അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന് സമനില ഗോൾ സമ്മാനിച്ചു. പെനാൽറ്റി ബോക്സിന് പുറത്ത് നിന്നും ലഭിച്ച പന്ത് ഗംഭീരമായ ഒരു വലങ്കാലൻ ഷോട്ടിലൂടെ ലൂണ വലയിലെത്തിച്ചപ്പോൾ, സ്റ്റേഡിയം ആവേശത്തിന്റെ ആരവങ്ങൾ മുഴക്കി.
അറുപത്തി മൂന്നാം മിനിറ്റിൽ മലയാളി താരം രാഹുൽ കെ പി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. ഇവിടെയും അഡ്രിയാൻ ലൂണയുടെ കൈയ്യൊപ്പ് പ്രകടമായിരുന്നു. നിഷു നൽകിയ ത്രോയിൻ ലൂണയാണ് രാഹുലിന് കൈമാറിയത്. പിഴയ്ക്കാത്ത നീക്കത്തിലൂടെ രാഹുൽ ചെന്നൈയിന്റെ വല കുലുക്കിയപ്പോൾ ആരാധകർ ആഹ്ലാദ നൃത്തം ചവിട്ടി.
അവസാന നിമിഷം സമനില ഗോളിനായി ചെന്നൈയിൻ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും, കരുത്തുറ്റ പ്രതിരോധം തീർത്ത് ബ്ലാസ്റ്റേഴ്സ് അതിന് തടയിട്ടു.
Discussion about this post