തിരുവനന്തപുരം: ഫ്ലാറ്റ് വാടക വിവാദത്തിൽ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന് പിന്തുണയുമായി മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാർ. അമ്മയുടെ ചികിത്സയ്ക്ക് എത്ര ചിലവഴിക്കുമെന്ന് ഒരു മകളോട് ചോദിക്കാൻ കഴിയുന്നത് എങ്ങനെയാണെന്ന് അരുൺ കുമാർ ചോദിക്കുന്നു. ആ അമ്മയെയും മകളെയും വെറുതേ വിടൂ എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അരുൺ കുമാർ അപേക്ഷിക്കുന്നു.
പെൻഷണറായ ഒരു ടീച്ചർക്ക് സ്ട്രോക്ക് വന്നതിന് ശേഷമുള്ള കൊവിഡ് കാലത്തെ താമസത്തിനും പരിചരണത്തിനും 20,000 രൂപ പ്രതിമാസം വാടകയുള്ള ഒരു ഫ്ലാറ്റ് എടുത്തത് എങ്ങനെയാണ് ഒരു വാർത്തയാകുന്നത് എന്നാണ് അരുൺ കുമാർ ചോദിക്കുന്നത്. ഒരു കമ്മീഷൻ ചെയർപേഴ്സൺ വിചാരിച്ചാൽ സർക്കാരിൽ വലിയ അഴിമതി നടത്താം എന്ന വാദത്തെയും അരുൺ കുമാർ പൂർണമായി അംഗീകരിക്കുന്നില്ല.
ചിന്തയെ ന്യായീകരിച്ചു കൊണ്ടുള്ള അരുൺ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പതിവ് പോലെ പ്രതിഷേധ കമന്റുകളുടെ പ്രളയമാണ്. ഈ പെയിന്റടിക്ക് ദിവസ വേതനമാണോ എന്നാണ് ഒരാളുടെ ചോദ്യം. വൃദ്ധരും അവശരുമായ മാതാപിതാക്കൾക്ക് സർക്കാർ ആശുപത്രിയിൽ ഒരു കിടക്ക സമ്പാദിക്കാൻ സാധാരണക്കാരൻ പെടാപ്പാട് പെടുന്ന നാട്ടിലാണ് മാസം അമ്പതിനായിരം രൂപ ശമ്പളം വാങ്ങിയിരുന്ന ചിന്ത (ഇപ്പോൾ അത് ഒരു ലക്ഷമായി) ഇത്തരത്തിൽ വെള്ള പൂശപ്പെടുന്നതെന്നും കമന്റുകൾ നിറയുന്നു.












