ഗാസിയാബാദ്: ഗാസിയാബാദ് കോടതി വളപ്പിൽ പുള്ളിപ്പുലി കയറി ജനങ്ങൾ പരിഭ്രാന്തരായി.ഒരു അഭിഭാഷകനെ പുലി മാരകമായി ആക്രമിച്ചു എന്നാണ് റിപ്പോർട്ട്. ഷൂ പോളീഷ് ചെയ്ത് ജീവിക്കുന്ന തൊഴിലാളിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. വനംവകുപ്പിന്റെ കഠിന പരിശ്രമത്തിനൊടുവിലാണ് പുലിയെ പിടികൂടാനായത്. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് സംഘം പുള്ളിപ്പുലിയെ കൂട്ടിലാക്കിയത്.
പുലി കടന്നതോടെ കെട്ടിടത്തിലെ കോടതി മുറികളെല്ലാം ഒഴിപ്പിച്ചു. ഒരു മണിക്കൂറിലധികം പുലി കോടതി വളപ്പിൽ തന്നെ ഉണ്ടായിരുന്നു. പുലിയെ കണ്ടതോടെ കോടതിജീവനക്കാരും, അഭിഭാഷകരും പരിഭ്രാന്തരായി. പിന്നീട് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പുലിയെ പിടികൂടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു.വിവിധയിടങ്ങളിൽ കെണികൾ സ്ഥാപിച്ച ശേഷം അബോധാവസ്ഥയിലാക്കാൻ കുത്തിവയ്പ് നൽകിയാണ് പുലിയെ പിടികൂടിയത്.
കോടതി വളപ്പിൽ പുലിയുണ്ടെന്ന് അറിഞ്ഞതോടെ ആളുകൾ ഇവിടേക്ക് ഓടിക്കൂടിയതും പോലീസിനും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും തലവേദനയായി. എല്ലാ ഭാഗത്തു നിന്നും കോടതി പരിസരത്തേക്കുള്ള വഴികളടച്ചാണ് പോലീസ് നടപടികൾ സ്വീകരിച്ചത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപിൽ ഷൂ പോളിഷ് ചെയ്യുകയായിരുന്ന ആളെയാണ് പുലി ആദ്യം ആക്രമിച്ചത്.
വനംവകുപ്പിന്റെ 12 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.പുലിയെ പിടികൂടാനായി വലകളും കൂടുകളും സംഘം കൊണ്ടുവന്നിരുന്നു. കോടതി കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഇരുമ്പ് വാതിൽ അടച്ചിട്ട് ആളുകളെ മുകളിലേക്ക് ആക്കിയാണ് പുലിക്ക് കെണിയൊരുക്കിയത്. പുള്ളിപ്പുലി ഉണ്ടെന്ന് പറയുന്ന കോടതിയുടെ പ്രധാന കെട്ടിടത്തിനുള്ളിൽ വനംവകുപ്പ് സംഘം പ്രവേശിച്ച് പുലിയെ തളക്കുകയും ചെയ്തു.
Discussion about this post