കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേയും സുബിൻ ഇറാനിയുടേയും മകൾ ഷാനെല്ല ഇറാനി വിവാഹിതയാകുന്നു. കാനഡയിലെ സുനിൽ ഷബിന ഭല്ല ദമ്പതികളുടെ മകൻ അർജുൻ ഭല്ലയാണ് വരൻ. രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ഖിംസർ ഫോർട്ടിൽ ഇന്നാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും ഉൾപ്പെടെ 50ഓളം പേർ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുന്നത്.
സുബിൻ ഇറാനിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഷാനെല്ല. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങുകൾ. സ്മൃതി ഇറാനി തന്നെയാണ് ഈ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്നലെയാണ് വിവാഹത്തിന്റെ ആഘോഷ ചടങ്ങുകൾ ആരംഭിച്ചത്. വേദിക്ക് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഷാനെല്ല മുംബൈയിലെ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബിരുദവും വാഷിംഗ്ടണിലെ ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റി ലോ സെന്ററിൽ നിന്ന് എൽഎൽഎം ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. കാനഡയിൽ ഒന്റാറിയോയിലെ സെന്റ് റോബർട്ട് കാത്തലിക് ഹൈസ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അർജുൻ യുകെയിലെ ലെസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽഎൽബി ബിരുദം നേടിയിട്ടുണ്ട്. ആപ്പിൾ ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികളിൽ ഇദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ഷാനെല്ലക്ക് പുറമെ സോഹർ, സോയിഷ് എന്നിവരാണ് സ്മൃതിയുടേയും സുബിന്റേയും മക്കൾ.
Discussion about this post