ദോഹയില്‍ നിന്നും കോപ്പന്‍ഹേഗനിലേക്ക് പോയ ഖത്തര്‍ എയര്‍വേസ് വിമാനം ആയിരം അടിയില്‍ നിന്ന് എണ്ണൂറ്റിയമ്പത് അടിയിലേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി വിമാനക്കമ്പനി. 24 സെക്കന്‍ഡ് സമയം വിമാനം താഴേക്ക് പതിക്കുകയും പിന്നീട് വീണ്ടും പറന്നുയരുകയും ആയിരുന്നു. പൈലറ്റിന് വിമാനത്തിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതാണ് ഇതിന് കാരണമെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഖത്തര്‍ എയര്‍വേസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്. ദോഹയില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 1,000 അടി ഉയരത്തില്‍ എത്തിയ 787-8 വിമാനം പിന്നീട് 24 സെക്കന്‍ഡുകള്‍ താഴേക്ക് വീണുപോകുകയായിരുന്നു. എന്നാല്‍ 850 അടി ഉയരത്തിലെത്തിയപ്പോള്‍ വീണ്ടും നിയന്ത്രണം തിരിച്ചുപിടിച്ച് വിമാനം പറന്നുയര്‍ന്നു.
സംഭവത്തിന്റെ ഉത്തരവാദിത്തം വിമാനം പറത്തിയിരുന്ന പൈലറ്റിനാണെന്നും അദ്ദേഹത്തിന് സാഹചര്യബോധം നഷ്ടപ്പെട്ടിരിക്കാമെന്നും വിമാനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദ ഏവിയേഷന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post