ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളുടെ എംബസികൾക്ക് നേരെ ഭീകരാക്രമണം നടത്താൻ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ദക്ഷിണേഷ്യൻ ശാഖയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ് ഖൊറസാൻ (ഐഎസ്‌ഐഎൽ-കെ) പദ്ധതി ഇട്ടിരുന്നതായി യുഎൻ റിപ്പോർട്ട്. താലിബാനും യുഎൻ അംഗരാജ്യങ്ങളും തമ്മിലുള്ള മധ്യ, ദക്ഷിണേഷ്യൻ മേഖലകളിലെ ബന്ധം തകർക്കാനായിരുന്നു ഐഎസ് ശ്രമം. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുകൾ ഉള്ളത്.
‘ഭീകരപ്രവർത്തനങ്ങൾ മൂലം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഉണ്ടാകുന്ന ഭീഷണി’ എന്ന വിഷയത്തിൽ സുരക്ഷാ കൗൺസിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. യുഎൻ ഭീകര വിരുദ്ധ ഓഫീസ് അണ്ടർ സെക്രട്ടറി ജനറൽ വ്ളാഡിമിർ വൊറോങ്കോവ് ആണ് റിപ്പോർട്ട് അവതരിപ്പിച്ചത്. അഫ്ഗാനിൽ മറ്റ് രാജ്യക്കാർക്ക് സുരക്ഷയില്ലെന്ന് വരുത്തുക എന്നത് കൂടിയായിരുന്നു ഐഎസിന്റെ ലക്ഷ്യം.
കഴിഞ്ഞ സെപ്തംബറിൽ കാബൂളിലെ റഷ്യൻ എംബസിക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതും ഈ നീക്കത്തിന്റെ ഭാഗമായിരുന്നു. താലിബാൻ അധികാരമേറ്റെടുത്തതിന് പിന്നാലെ അഫ്ഗാനിലെ ഇന്ത്യൻ എംബസി പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. പിന്നീട് 10 മാസത്തിന് ശേഷം സാങ്കേതിക വിഭാഗം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തിയാണ് എംബസി പ്രവർത്തനം പുന:രാരംഭിച്ചത്.












