ന്യൂഡൽഹി: 14 മുതൽ 16 വരെ ചീറ്റകൾ ഇന്ത്യയിലേക്ക് വൈകാതെ എത്തുമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പ്രൊജക്ട് ചീറ്റയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് കൂടുതൽ ചീറ്റകളെ രാജ്യത്തേക്ക് എത്തിക്കുന്നത്. ഇതിനായി ദക്ഷിണാഫ്രിക്കയുമായി കരാറിൽ ഒപ്പു വച്ചിട്ടുണ്ട്. വരും മാസങ്ങളിൽ ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കും.
വന്യജീവി സംരക്ഷണത്തിനും സ്ഥിരതയ്ക്കും വേണ്ടി സർക്കാർ മികച്ച പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. വന്യജീവികളെ സംരക്ഷിക്കുകയും അവ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. വരും തലമുറയ്ക്ക് കൂടി വേണ്ടിയാണ് ഈ പ്രവർത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രൊജക്ട് ചീറ്റയ്ക്ക് കീഴിൽ നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ നേരത്തെ വിമാനമാർഗം ഇന്ത്യയിലെത്തിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ പാൽപൂർ ദേശീയ ഉദ്യാനത്തിൽ ഇവയെ തുറന്ന് വിട്ടിരുന്നു. 2020ലാണ് ആഫ്രിക്കൻ ചീറ്റകൾ, വ്യത്യസ്തമായ ജീവജാലങ്ങൾ എന്നിവയെ മറ്റ് രാജ്യങ്ങളിൽ നിന്നും വാങ്ങി അവയെ സംരക്ഷിക്കുന്നതിന് വേണ്ടി സുരക്ഷിതമായ ഇടം ഒരുക്കാമെന്ന് സുപ്രീം കോടതി നിർദേശിച്ചത്.












Discussion about this post