കലഞ്ഞൂർ: കെഐപി കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കലഞ്ഞൂർ കുടുത്ത ശ്രീഭവനം വീട്ടിൽ ശ്രീകുമാറാണ്(37) അനന്തു ഭവനിൽ അനന്തുവിനെ കൊന്ന കേസിൽ അറസ്റ്റിലായത്. കോന്നി ഡിവൈഎസ്പി കെ.ബൈജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സാഹസികമായി പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് അനന്തുവിനെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹം കണ്ടെത്തിയതിന് തൊട്ടടുത്തുള്ള റബർ എസ്റ്റേറ്റിലാണ് കൊലപാതകം നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എസ്റ്റേറ്റിൽ കൂട്ടുകാർക്കൊപ്പം മദ്യപിക്കുന്നതിനിടെ അവിടെ എത്തിയ ശ്രീകുമാർ അനന്തു ഒറ്റയ്ക്കാകാൻ വേണ്ടി കാത്തിരുന്നു. സുഹൃത്തുക്കൾ മടങ്ങിയതിന് ശേഷം അനന്തു ഫോണിൽ സംസാരിച്ച് നടക്കുമ്പോൾ പിന്നിലൂടെ എത്തി കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു.
മൂന്ന് തവണ കമ്പികൊണ്ട് തലയ്ക്ക് അടിച്ചതായി പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ശേഷം മൃതദേഹം 400 മീറ്ററോളം അകലെയുള്ള കനാലിൽ കൊണ്ടിടുകയായിരുന്നു. അനന്തുവിന്റെ മൊബൈലും പോലീസ് കനാലിൽ നിന്ന് തന്നെ കണ്ടെടുത്തു. ഭാര്യയുമായുള്ള ബന്ധത്തിന്റെ പേരിൽ അനന്തുവും ശ്രീകുമാറും തമ്മിൽ തർക്കങ്ങൾ ഉണ്ടായെന്ന വിവരമാണ് പോലീസിന് പ്രതിയിലേക്കെത്തുന്നതിൽ സഹായിച്ചത്. ശ്രീകുമാറിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Discussion about this post