തിരുവനന്തപുരം: മലയാളസിനിമയിലെ ആദ്യനായികയായ പികെ റോസിയെ ആദരിച്ച് ഗൂഗിൾ ഡൂഡിൽ. പികെ റോസിയുടെ 120 ജന്മവാർഷികമായ ഇന്ന് ഡൂഡിലിൽ മനേഹരമായ ഛായാച്ചിത്രം ഉൾപ്പെടുത്തിയാണ് ഗൂഗിൾ ആദ്യ നായികയ്ക്ക് സ്‌നേഹപൂക്കൾ അർപ്പിച്ചത്.
മലയാളത്തിലെ ആദ്യ സിനിമയായിരുന്ന ജെസി ഡാനിയലിന്റെ വിഗതകുമാരനിലെ നായികയായിരുന്നു രാജമ്മ എന്ന പികെ റോസി. സ്ത്രീകൾ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് പോലും എത്തുന്നതിനെ കുറിച്ച് ചിന്തിക്കാത്ത സമയമായിരുന്നു അന്ന്.അന്നത്തെ കാലത്ത് എല്ലാ വെല്ലുവിളികളും മറികടന്നാണ് അവർ നായികയായി തകർത്തഭിനയിച്ചത്. 1903 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് ജനിച്ച രാജമ്മ എന്ന പികെ റോസി, തന്റെ 253ാം വയസിലാണ് നായികയായി എത്തുന്നത്. നായർ സ്ത്രീയായ സരോജിനിയുടെ വേഷമായിരുന്നു ചിത്രത്തിൽ അവർ അവതരിപ്പിച്ചത്.
1928 ൽ ചിത്രം പ്രദർശനത്തിന് എത്തിയപ്പോൾ ഒരു ദളിത് സ്ത്രീ ഉയർന്ന സമുദായക്കാരിയായി വേഷമിട്ടത് കണ്ട് ചില പ്രമാണിമാർ രോഷാകുലരായി എന്നാണ് ചരിത്രം. സമൂഹത്തെ ഭയന്ന് തമിഴ്‌നാട്ടിലേക്ക് കടന്ന റോസി കേശവൻ പിള്ളയെന്ന ലോറി ഡ്രൈവറെ വിവാഹം കഴിച്ച് രാജമ്മാൾ എന്ന പേരിൽ ജീവിച്ചുവെന്നാണ് പറയപ്പെടുന്നത്.

പികെ റോസിയുടേയും ജെസി ഡാനിയലിന്റേയും ചിത്രം സെല്ലുലോയിഡ് എന്ന ചിത്രമായി അഭ്രപാളിയിലെത്തിയിരുന്നു. കമൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, ചാന്ദ്‌നി,മമത മോഹൻദാസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്.മികച്ച ചിത്രത്തിനേതുൾപ്പെടെ 2012-ലെ ഏഴ് കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങൾ ചിത്രത്തിനു ലഭിച്ചു.









Discussion about this post