ബോളിവുഡിലെ അധികാരമാറ്റത്തെയും വർഗീയതയെയും കുറിച്ച് ബിബിസിക്ക് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ വിവാദമായതോടെ വിശദീകരണവുമായി സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. ഭാരതത്തോടുള്ള തന്റെ ഭക്തിയും കടപ്പാടും ആവർത്തിച്ച താരം, തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാകാമെന്നും വ്യക്തമാക്കി. ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആയിരങ്ങൾ ‘മാ തുജെ സലാം/വന്ദേമാതരം’ ആലപിക്കുന്ന വീഡിയോ പങ്കുവെച്ചാണ് റഹ്മാൻ വിശദീകരണം നൽകിയത്.
കഴിഞ്ഞ എട്ടു വർഷത്തിനിടെ ബോളിവുഡിൽ സർഗ്ഗാത്മകത ഇല്ലാത്തവർ അധികാരം പിടിച്ചെടുത്തുവെന്നും ഇതിൽ വർഗീയത കലർന്നിട്ടുണ്ടാകാമെന്നുമുള്ള അദ്ദേഹത്തിന്റെ പരാമർശമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്. സംഗീതം തനിക്ക് സംസ്‌കാരത്തെ ആഘോഷിക്കാനുള്ള മാർഗ്ഗമാണെന്നും ഭാരതമാണ് തന്റെ അദ്ധ്യാപകനും പ്രചോദനവുമെന്നും റഹ്മാൻ പറഞ്ഞു.
“സംഗീതത്തിലൂടെ ഭാരതത്തെ ഉയർത്താനും സേവിക്കാനുമാണ് ഞാൻ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ല. എന്റെ ആത്മാർത്ഥത എല്ലാവർക്കും മനസ്സിലാകുമെന്ന് കരുതുന്നു, പൈതൃകത്തോടുള്ള കടപ്പാട്: ഭാരതത്തിന്റെ പൈതൃകത്തെയും സംസ്‌കാരത്തെയും മാനിക്കുന്ന സംഗീതം സൃഷ്ടിക്കാൻ താൻ എപ്പോഴും പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി പങ്കെടുത്ത വേവ്‌സ് (WAVES) ഉച്ചകോടിയിൽ അവതരിപ്പിച്ച ‘ജാല’, നാഗാ സംഗീതജ്ഞരുമായുള്ള സഹകരണം, സൺഷൈൻ ഓർക്കസ്ട്ര തുടങ്ങിയവ അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാൻസ് സിമ്മറുമായി ചേർന്ന് ‘രാമായണ’ത്തിന് സംഗീതം നൽകുന്നത് വലിയ ബഹുമതിയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിബിസി ഏഷ്യൻ നെ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ, ബോളിവുഡിൽ തമിഴ് സംഗീതജ്ഞനെന്ന നിലയിൽ വിവേചനം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് റഹ്മാൻ വിവാദ മറുപടി നൽകിയത്. കഴിഞ്ഞ എട്ടു വർഷമായി സർഗ്ഗാത്മകത ഇല്ലാത്തവർക്കാണ് അധികാരമെന്നും ഇതിൽ വർഗീയതയുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര സിനിമയായ ‘ഛാവ’ വിഭജനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചിരുന്നു.













Discussion about this post