കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ അതിരൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. തൃശ്ശൂർ ലോക്‌സഭാ മണ്ഡലം പിടിച്ചെടുത്തതുപോലെ എൻഎസ്എസിനെ തൻ്റെ വരുതിയിലാക്കാമെന്ന് ആരും കരുതേണ്ടെന്നും അത് നടപ്പില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്ത് എത്തുന്നതെന്നും സംഘടനയുടെ മര്യാദകൾ ലംഘിക്കുന്ന പെരുമാറ്റമാണ് അദ്ദേഹത്തിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2015-ൽ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന ബജറ്റ് സമ്മേളനത്തിനിടെ സുരേഷ് ഗോപി അനുവാദമില്ലാതെ എത്തിയത് വലിയ വിവാദമായിരുന്നു. അന്ന് അദ്ദേഹത്തോട് ഹാളിൽ നിന്ന് ഇറങ്ങിപ്പോകാൻ സുകുമാരൻ നായർ ആവശ്യപ്പെട്ടത് വലിയ വാർത്തയായിരുന്നു. ആ സംഭവത്തെക്കുറിച്ച് അദ്ദേഹം ഇന്ന് കൂടുതൽ വിശദീകരണം നൽകി.”സംഘടനയുടെ ബജറ്റ് അവതരിപ്പിക്കുന്ന പരമാധികാര സഭയിൽ മീറ്റിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ ആരോടും ചോദിക്കാതെ കയറി വരാൻ ഇതെന്താ തൃശ്ശൂരാണോ?” – സുകുമാരൻ നായർ ചോദിച്ചു.
വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയതുപോലെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സുരേഷ് ഗോപി അന്ന് അവിടെ വന്നതെന്ന് അദ്ദേഹം പരിഹസിച്ചു.”ജനിച്ചത് മുതൽ സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ല. ഇപ്പോൾ രാഷ്ട്രീയ ആവശ്യങ്ങൾ വരുമ്പോൾ മാത്രമാണ് ഇവിടേക്ക് വരുന്നത്,” – അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പിന്നീട് പലതവണ സുരേഷ് ഗോപി അനുഗ്രഹം തേടി എത്തിയപ്പോൾ താൻ സ്വീകരിച്ചിട്ടുണ്ടെന്നും, രാഷ്ട്രീയ ലാഭത്തിനായി സംഘടനയെ ഉപയോഗിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.”എൻഎസ്എസ് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടാണ് സ്വീകരിക്കുന്നത്. സംഘടനയുടെ ചട്ടക്കൂടുകൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന്- ജി. സുകുമാരൻ നായർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും സുകുമാരൻ നായർ വിമർശനം ഉന്നയിച്ചു. സമുദായ സംഘടനകളെ അവഹേളിക്കുന്ന നിലപാട് കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, ഹൈന്ദവ ഏകീകരണത്തിന്റെ ഭാഗമായി എസ്എൻഡിപിയുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Discussion about this post