ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ ദീപകിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. യുവതിയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തെത്തുടർന്ന് ദീപക് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് അപമര്യാദയായി പെരുമാറിയെന്നും ശരീരത്തിൽ സ്പർശിച്ചെന്നുമാണ് യുവതി ആരോപിച്ചത്. വടകര പോലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവതി താൻ ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഈ വീഡിയോ വൈറലായതോടെ സൈബർ ഇടങ്ങളിൽ ദീപകിനെതിരെ വലിയ രീതിയിലുള്ള ആക്രമണമുണ്ടായി.ബസിലെ തിരക്കിനിടയിൽ അബദ്ധത്തിൽ തട്ടിയതാകാം ഇതെന്നും എന്നാൽ വീഡിയോ പ്രചരിച്ചതോടെ ദീപക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
യുവതിയുടെ പരാതിയിൽ വടകര പോലീസ് നേരത്തെ കേസെടുത്തിരുന്നു. യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സൈബർ വിചാരണയെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. യുവതിയുടെ ആരോപണങ്ങളിൽ സത്യാവസ്ഥയുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നതിന് മുമ്പ് തന്നെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ശിക്ഷ വിധിക്കുന്ന സോഷ്യൽ മീഡിയ ‘നീതി നടപ്പാക്കൽ’ രീതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.













Discussion about this post