ഇടതുമുന്നണിയുടെ ഉരുക്കുകോട്ടയെന്നവകാശപ്പെടുന്ന ഇടുക്കിയിൽ സിപിഎമ്മിന് വൻ തിരിച്ചടി നൽകിക്കൊണ്ട് മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് രാജേന്ദ്രൻ അംഗത്വം സ്വീകരിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് ദേവികുളത്തെ മുൻ എംഎൽഎ താമരയണിഞ്ഞത്. രാജേന്ദ്രനൊപ്പം ചിന്നക്കനാൽ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഐ നേതാവുമായ ഗുരുനാഥൻ, സിപിഎം പ്രവർത്തകൻ സന്തോഷ് എന്നിവരും ബിജെപിയിൽ ചേർന്നു.
സിപിഎമ്മിൽ നിന്ന് നേരിട്ട അവഗണനയും മാനസിക പീഡനവുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് അംഗത്വം സ്വീകരിച്ച ശേഷം രാജേന്ദ്രൻ പറഞ്ഞു.കഴിഞ്ഞ നാലഞ്ച് വർഷമായി ഞാൻ വലിയ മാനസിക പ്രയാസത്തിലായിരുന്നു. വിശ്വസിച്ച പ്രസ്ഥാനം തന്നെ ഉപദ്രവിക്കരുതെന്ന് പലതവണ അപേക്ഷിച്ചു. എന്നാൽ തന്നെ വേട്ടയാടാനാണ് പാർട്ടി ശ്രമിച്ചത്,” രാജേന്ദ്രൻ തുറന്നടിച്ചു.
ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന പേരിൽ പാർട്ടി എടുത്ത നടപടി തെറ്റാണെന്നും ബ്രാഞ്ച് തലത്തിൽ പോലും തനിക്കെതിരെ ഒരു ആരോപണവും ആരും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.എംഎൽഎ സ്ഥാനമോ മറ്റ് പദവികളോ മോഹിച്ചല്ല ബിജെപിയിൽ ചേരുന്നതെന്നും ഹൈറേഞ്ചിലെ പാവപ്പെട്ട തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടും എന്ന ഉറപ്പിലാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയതയിലും വികസനത്തിലും ഊന്നിയുള്ള നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തനങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് രാജേന്ദ്രൻ പറഞ്ഞു. പ്ലാന്റേഷൻ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി നേതൃത്വം നൽകിയ ഉറപ്പ് തോട്ടം തൊഴിലാളികൾക്കിടയിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു.ഫെബ്രുവരി 8-ന് മൂന്നാറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ രാജേന്ദ്രന്റെ നേതൃത്വത്തിൽ നൂറുകണക്കിന് സിപിഎം-സിപിഐ പ്രവർത്തകർ ബിജെപിയിൽ ചേരുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
“ഭാരതത്തിന്റെ വികസന കുതിപ്പിനൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള വാതിലുകൾ ബിജെപിയിൽ എപ്പോഴും തുറന്നിരിക്കും. ജമാഅത്തെ ഇസ്‌ലാമിയെയും തീവ്രവാദ സംഘടനകളെയും പ്രീണിപ്പിക്കുന്ന ഇടതു-വലതു മുന്നണികൾക്ക് ബംഗ്ലാദേശ് മോഡൽ രാഷ്ട്രീയമാണ് താല്പര്യം. എന്നാൽ വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്ന്” – രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.













Discussion about this post