കൊച്ചി : കെഎസ്ആർടിസി ജീവനക്കാർക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നൽകണമെന്ന താക്കീതുമായി ഹൈക്കോടതി. ശമ്പളം നൽകാനായില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കോളാൻ ഹൈക്കോടതി പറഞ്ഞു. പത്താം തീയതിയായിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാതെ വന്നതോടെയാണ് കോടതി ഇടപെട്ടത്.
അതേസമയം ബുധനാഴ്ചയ്ക്കകം എല്ലാവർക്കും ശമ്പളം നൽകാമെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാൽ 26 ലക്ഷത്തോളം യാത്രക്കാരെ അത് ബാധിക്കുമെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. എന്നാൽ യാത്രക്കാർ മറ്റ് വഴി തേടിക്കൊള്ളുമെന്ന് കോടതി മറുപടി നൽകി.
കെഎസ്ആർടിസി ജീവനക്കാർക്ക് അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ വാക്ക് ഇതുവരെ പാലിച്ചില്ല. 10 ാം തീയതിയായിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല.
കെഎസ്ആർടിസിക്കുള്ള സർക്കാർ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസിയെ സഹായിക്കില്ലെന്ന് സർക്കാർ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നിലപാടായിരിക്കും അത് എന്നുമാണ് മന്ത്രി പറഞ്ഞത്.
Discussion about this post