കണ്ണൂർ: വ്യാജ പ്രമാണമുണ്ടാക്കി പോലീസിന്റെ സ്ഥലം തട്ടിയെടുത്ത ആധാരമെഴുത്തുകാരനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ് . ഇരിക്കൂറിലാണ് സംഭവം. ഇരിക്കൂർ പോലീസ് സ്‌റ്റേഷന്റെ പിൻവശത്തെ 34 സെന്റ് സ്ഥലമാണ് തട്ടിയെടുത്തത്. പ്രദേശത്തെ ആധാരമെഴുത്തുകാരൻ സിസി മമ്മുഹാജിക്കെതിരെയാണ് നടപടി.
ഇയാളുടെ സഹോദരി ഭർത്താവിൻറെ പേരിൽ വ്യാജപ്രമാണമുണ്ടാക്കി രജിസ്റ്റർ ചെയ്തതിനാണ് കേസെടുത്തത്. 1996-ൽ ഇരിക്കൂർ സബ്രജിസ്റ്റാർ ഓഫിസിൽ വെച്ചാണ് രജിസ്ട്രേഷൻ നടത്തിയത്. ആ വർഷം തന്നെ ഇരിക്കൂർ പഞ്ചായത്ത് ഓഫീസിനും കൃഷി ഓഫീസിനുമായി പത്തുസെൻറ് സ്ഥലം ഇതിൽ നിന്നും സൗജന്യമായി നൽകിയിരുന്നു.
പിന്നീട് പരാതി ഉയർന്നതിനെ തുടർന്ന് കണ്ണൂർ വിജിലൻസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തുകയും വിശദമായ അന്വേഷണം ആവശ്യപ്പെട്ടു സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് അന്വേഷണം നടത്താൻ അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.












