തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നര കിലോ വരുന്ന സ്വർണ മിശ്രിതം പിടികൂടി. എമിറേറ്റ്സ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്ന് എയർ കസ്റ്റംസാണ് സ്വർണം പിടികൂടിയത്. 80 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.
പുലർച്ചെ മൂന്ന് മണിയ്ക്ക് എത്തിയ വിമാനത്തിൽ സ്വർണമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എയർ കസ്റ്റംസ് പരിശോധന നടത്തിയത്. എന്നാൽ ആരാണ് സ്വർണം കടത്തിയത് എന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ കസ്റ്റംസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
അതേസമയം മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് പിടികൂടിയിരുന്നു. പാലക്കാട് സ്വദേശി റിഷാദ് ആണ് പിടിയിലായത്. 805 ഗ്രാം സ്വർണമാണ് റിഷാദിന്റെ പക്കൽ ഉണ്ടായിരുന്നത്. മിശ്രിതമാക്കി ക്യാപ്സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്തിയത്. ഈ സ്വർണത്തിന് 40 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.
Discussion about this post