ന്യൂഡൽഹി: എംബിബിഎസ് ഒന്നാം വർഷ പരീക്ഷ പാസാകാനുള്ള അവസരങ്ങൾ നാലായി പരിമിതപ്പെടുത്തിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ തള്ളി സുപ്രീം കോടതി. ഒന്നാം വർഷ പരീക്ഷ വിജയിക്കാൻ നാല് അവസരങ്ങൾ തന്നെ ധാരാളമല്ലേയെന്ന് ഹർജി തള്ളവെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു.
എംബിബിഎസ് ഒന്നാം വർഷ പരീക്ഷ പാസാകാനുള്ള അവസരങ്ങൾ നാലായി പരിമിതപ്പെടുത്തിക്കൊണ്ട് 2019ലാണ് ദേശീയ മെഡിക്കൽ കമ്മീഷൻ ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവിനെതിരെ ആയിരുന്നു ഒരു പറ്റം വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. വിദ്യാർത്ഥികളുടെ ആവശ്യം ഒരു കാരണവശാലും അംഗീകരിക്കാൻ സാദ്ധ്യമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭാവിയിൽ ഡോക്ടർമാർ ആകേണ്ട വിദ്യാർത്ഥികളാണ് ഇത്തരം ഒരു ആവശ്യം ഉന്നയിക്കുന്നതെന്നും കോടതി പരിഹസിച്ചു.
നാല് അവസരങ്ങൾ നൽകിയിട്ടും പിന്നീടും അവസരം നൽകണം എന്നതാണ് ആവശ്യം. ഈ ആവശ്യം അംഗീകരിച്ചാൽ ഏത് തരത്തിലുള്ള ഡോക്ടർമാരാകും സൃഷ്ടിക്കപ്പെടുക എന്ന് കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ലോകത്ത് ഒരിടത്തും മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇത്തരം ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ടാകില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഉത്തരവ് ഇറങ്ങുന്നതിന് മുൻപ്, എംബിബിഎസ് വിദ്യാർത്ഥികൾക്ക് പരീക്ഷ വിജയിക്കാനുള്ള അവസരങ്ങൾക്ക് പരിധി ഉണ്ടായിരുന്നില്ല.
Discussion about this post